മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്: ഉപരാഷ്ട്രപതി

 

തിരുവനന്തപുരം: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അത് ചില വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ 24-ാമത് ശ്രീചിത്തിര തിരുനാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവം, കഴിവ്, ശേഷി, പെരുമാറ്റം എന്നീ നാലു സ്വഭാവങ്ങള്‍ നോക്കിയാണ് ജനാധിപത്യത്തില്‍ ജനങ്ങള്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇന്ന് അവയുടെ സ്ഥാനം ജാതി, മതം, പണം എന്നിവ അപഹരിച്ചിരിക്കുകയാണ്. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. കഴിവും ശേഷിയുമുള്ളവരാണ് രാഷ്ട്രീയക്കാരാകേണ്ടത്.
ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊക്കെ തന്നെ നിയമം കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയില്ല. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും മികച്ച ഭരണസംവിധാനങ്ങളും അനിവാര്യമാണ്. ഓരോരുത്തരുടെയും മനോനിലയിലാണ് മാറ്റമുണ്ടാകേണ്ടത്. സ്ത്രീശാക്തീകരണം നടക്കാതെ സാമൂഹികനീതി ഉറപ്പാക്കാനാവില്ല. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതാണ് നമ്മുടെ സംസ്‌ക്കാരം. നമ്മുടെ രാജ്യത്തെ തന്നെ മാതാവായാണ് നാം കരുതുന്നത്. അത്തരമൊരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ല. ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകണമെങ്കിലും പരിവര്‍ത്തനം ആവശ്യമാണ്.
ക്ഷേത്രപ്രവേശന വിളംബരത്തിലുടെ വലിയ വിപ്ലവകരമായ ഒരു മാറ്റമാണ് ചിത്തിരതിരുന്നാള്‍ മഹാരാജാവ് കൊണ്ടുവന്നത്. ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ച അദ്ദേഹത്തിന്റെ നടപടി സ്വാതന്ത്ര്യസമരത്തിന് പ്രചോദനവുമായിരുന്നു. ഒരു ഹിന്ദു പുരാണ ഗ്രന്ഥവും മനുഷ്യനെ ക്ഷേത്രങ്ങളില്‍ കടക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ല. അത് ചില ഇടനിലക്കാര്‍ ചെയ്യുന്നതാണ്. ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നതിനെ ഒരു സംസ്‌ക്കാരസമ്പന്നമായ സമൂഹമായി കാണാനാവില്ല. ജാതിയും മതവുമല്ല, സംസ്‌ക്കാരമാണ് ഏറ്റവും വലുത്. അത് ഒരു ജീവിതരീതിയാണ്. തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നതാണ് ഇന്ത്യന്‍ സംസ്‌ക്കാരം.
ഗുരുവിന്റെ പകരക്കാരനാവാന്‍ ഗൂഗിളിനു കഴിയില്ലെന്ന് പറഞ്ഞ ഉപ രാഷ്ട്രപതി മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവ ഒരു സാഹചര്യത്തിലും വിസ്മരിക്കരുതെന്ന് ആവശ്യപ്പെട്ടു. ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എം.എല്‍.എ, പാലോട് രവി, വി.കെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

SHARE