ബുര്‍ഖയണിഞ്ഞ് സ്ത്രീ വേഷത്തില്‍ സ്ത്രീകളെ ശല്യം ചെയ്ത വി.എച്ച്.പി നേതാവ് പിടിയില്‍

മൂടുപടമണിഞ്ഞ് സ്ത്രീകളെ ശല്യം ചെയ്ത വിശ്വഹിന്ദു പരിഷത് നേതാവിനെ സ്ത്രീകള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹറം മജ്‌ലിസിനിടെ ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ബുര്‍ഖയണിഞ്ഞ് സ്ത്രീവേഷത്തിലെത്തി ശല്യം ചെയ്തത്.

വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. ബിജെപി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിന്റെ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെങ്കിലും രംഗം വഷളായതോടെ ഇയാള്‍ സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു.

ബുര്‍ഖയണിഞ്ഞെത്തിയ രണ്ട് ‘സ്ത്രീകളുടെ’ പെരുമാറ്റത്തില്‍ മറ്റു സ്ത്രീകള്‍ക്ക് സംശയം തോന്നുകയായിരുന്നു.ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ഒരു യുവതി പരാതിപ്പെട്ടു. അവിടെ കൂടിയ മറ്റു സ്ത്രീകളെല്ലാം കൂടി ഇയാളുടെ ബുര്‍ഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാളുടെ കള്ളിവെളിച്ചത്തായത്. നാട്ടുകാര്‍ ഓടിയെത്തി ഇയാളെ കീഴടക്കുകയായിരുന്നു.

SHARE