ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ച പരാതിക്കാരന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷി നായര്‍ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച വിദ്യാര്‍ഥി വിവേകിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ പറയുന്നു.

അതേസമയം, പരാതി പിന്‍വലിച്ചത് വ്യക്തിപരമാണെന്നും താന്‍ വഹിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കുന്നതായി എഐഎസ്എഫിന്റെ ലോ അകാദമി യൂണിറ്റ് സെക്രട്ടറി വി.ജി വിവേക് അറിയിച്ചു.

വി.ജി വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമെന്ന് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തേ പ്രതികരിച്ചിരുന്നു. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കേസ് പിന്‍വലിച്ചത് കാനത്തിന്റെ അറിവോടെയാണെന്ന് വിവേക്

വെളിപ്പെടുത്തിയിരുന്നു. പട്ടിക ജാതി/വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്ത് ലക്ഷ്മി നായര്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു വിദ്യാര്‍ഥി അറിയിച്ചതിനെത്തുടര്‍ന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

SHARE