ബോളിവുഡ് സംഗീത സംവിധായകന്‍ ഖയ്യാം ഹാഷ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയ്യം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഖയ്യാം ഈണമിട്ട കഭി കഭി, ഉമറാവോ ജാന്‍, ത്രിശൂല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ബോളിവുഡിലെ നിത്യഹരിത സംഗീതമാണ്്.
അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ ‘കഭീ കഭീ മേരേ ദില്‍ മേം’ എന്ന ഗാനം ഇതില്‍ മുന്നില്‍ നില്‍ക്കുന്നു.

രേഖ, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ അണിനിരന്ന ഉമറാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.1927ല്‍ പഞ്ചാബിലാണ് ഖയ്യാം ജനിച്ചത്. പത്മഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ചെറുപ്പകാലം മുതല്‍ക്കു തന്നെ സിനിമയോടും സംഗീതത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം ഡല്‍ഹിയിലേക്ക് നാടുവിട്ടാണ് സംഗീത ലോകത്ത് എത്തുന്നത്. പിന്നീട് കാബൂളിലേക്ക് പോയി സംഗീതം അഭ്യസിച്ചു. ചീശ്തി ബാബയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത പഠനം.

SHARE