അമിതാബ് ബച്ചന് കോവിഡ് നെഗറ്റീവ്; ആശുപത്രിവിട്ടത് 22 ദിവസത്തിന് ശേഷം

മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടു. മകനും താരവുമായ അഭിഷേക് ബച്ചനാണ് വിവരം ആരാധകരെ അറിയിച്ചത്. അച്ഛന് കോവിഡ് നെഗറ്റീവായെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നുമാണ് അഭിഷേക് ട്വിറ്ററില്‍ കുറിച്ചത്. 22 ദിവസത്തെ ശേഷമാണ് ബിഗ് ബി ആശുപത്രി വിടുന്നത്.

എന്റെ അച്ഛന്, പുതിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അച്ഛന്‍ ഇനിമുതല്‍ വീട്ടില്‍ വിശ്രമം തുടരും. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, അഭിഷേക് ട്വീറ്റ് ചെയ്തു.

ഐശ്വര്യ റായും മകള്‍ ആരാധ്യയും നേരത്തെ കോവിഡ്മുക്തരായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അതേസമയം, കോവിഡ് ബാധിതനായ അഭിഷേക് ആശുപത്രിയില്‍ തുടരുകയാണ്. ചില അസ്വസ്ഥകള്‍ തുടരുന്നതിനാല്‍ താന്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും തന്റെ കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

ജൂലൈ 11 നാണ് 77 കാരനായ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടുപിന്നാലെ അഭിഷേകിന്റേയും ഫലം പോസിറ്റീവായി. തുടര്‍ന്ന് ഇരുവരേയും മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ ഉള്‍പ്പടെ മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗമില്ല.

SHARE