വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു….ഇനിയില്ല

നെല്‍സണ്‍ ജോസഫ്

നിങ്ങള്‍ എതിരാളികളെ തകര്‍ത്തെറിയുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. കളിയില്‍ നിങ്ങളുടെ പേടിയില്ലാത്ത സമീപനത്തിന്റെ ഒരു ആരാധകനായിരുന്നു ഞാനും. നിങ്ങളുടെ സമകാലീനരുടെ അതേ മാന്യത കളത്തിലും പുറത്തും നിങ്ങള്‍ കാണിക്കുമെന്ന് ഞാന്‍ കരുതുകയും ചെയ്തിരുന്നു.പക്ഷേ അവിടെയെനിക്ക് നിരാശനാകേണ്ടിവന്നു…

വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു….ഇനിയില്ല.

നിര്‍ഭാഗ്യകരമായിരുന്നു, ഏറ്റവും കുറഞ്ഞത് അങ്ങനെയെങ്കിലും പറയണം..ഞങ്ങള്‍ക്കതിനെ , ഒരു തലച്ചോറില്ലാത്ത ജനക്കൂട്ടം ചെയ്തതിനെ ന്യായീകരിക്കാന്‍ യാതൊരു താല്പര്യവുമില്ല.ഒരിക്കലും നടക്കരുതാത്തതായിരുന്നത്.

മറ്റ് ചിലയിടങ്ങളിലെപ്പോലെയല്ലായിരുന്നു ഇവിടം. ഞങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ താരതമ്യേന പുതുമയായിരുന്നു. നിങ്ങളിപ്പൊ ചെയ്തതുപോലെയുള്ള ഒന്നിലധികം ആക്രമണങ്ങളെ, ഇവിടെ രാഷ്ട്രീയ മത വേര്‍തിരിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ ഒന്നിച്ച് നിന്നാണെതിര്‍ത്തത്.

അതേ സമയം കേരളത്തിനു പുറത്ത് നിന്ന് ഒരുപാട് കഥകള്‍ ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. നിങ്ങളൊരുപക്ഷേ കേട്ടുകാണില്ല…

ദുരഭിമാനക്കൊലകളുടെ കഥകള്‍
പശുവിന്റെ പേരിലുള്ള പീഢനവും കൊലയും
സിനിമയുടെ പേരില്‍ കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നു
ഓക്‌സിജന്‍ കിട്ടാതെ ശിശുമരണം. അത് തടയാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് ശിക്ഷ
ശിശുപീഢകനെ തുറന്ന് വിടാന്‍ ദേശീയപതാക വഹിച്ചുകൊണ്ട് പ്രതിഷേധ റാലി

ഒരേസമയം ആശ്വാസവും അഭിമാനവും തോന്നിയിരുന്നു, ഇവിടെ അതൊന്നും നടക്കുന്നില്ലല്ലോ എന്നോര്‍ത്ത്. ഒരു നിമിഷം അലസമായിരുന്നപ്പൊ ഇത് സംഭവിച്ചു. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു…അതില്‍ വീഴ്ച വന്നതില്‍ ആത്മാര്‍ഥമായ ദുഖവുമുണ്ട്

പക്ഷേ മറ്റിടങ്ങളിലെപ്പോലല്ല. ഞങ്ങള്‍ കുറ്റവാളികളുടെ ഒപ്പം നില്‍ക്കില്ല. നിയമം അതിന്റെ വഴി സ്വീകരിക്കും. കുറ്റവാളികള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തും.

പക്ഷേ നിങ്ങള്‍ ചെയ്തതും തെറ്റുതന്നെ. നിങ്ങള്‍ അയാളുടെ ചിത്രം നിങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഞങ്ങളതിനെ അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സെല്‍ഫി എടുത്തതിനോടേ ഉപമിക്കാനാവൂ. മതത്തിന്റെ നിറം ചേര്‍ക്കാന്‍ ശ്രമിക്കുകയാണു താങ്കള്‍ ചെയ്തത്. ചില പേരുകള്‍ മാത്രം ചേര്‍ക്കാന്‍..

ഈ പ്രശ്‌നത്തില്‍ വര്‍ഗീയതയില്ല. പ്രശ്‌നവും പരിഹാരവും കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും. അങ്ങനെയാണ് കേരളം ഒന്നാമതെത്തിയത്..അവിടെ തുടരാന്‍ പോവുന്നതും അങ്ങനെയായിരിക്കും. അതില്‍ നിന്ന് ശ്രദ്ധ മാറ്റുന്ന ഒന്നും ഞങ്ങളാഗ്രഹിക്കുന്നില്ല..അത് നിങ്ങളായാലും..

നിങ്ങളുടെ ഓരോ റണ്ണിനും ഞങ്ങള്‍ ആര്‍പ്പുവിളിച്ചതാണ്…ഇപ്പോള്‍ നിങ്ങളെന്താണു ചെയ്തതെന്ന് നോക്കൂ…

ഞാന്‍ നിങ്ങളെ ബഹുമാനിച്ചിരുന്നു..
ഇപ്പോഴില്ല…

SHARE