പ്രളയക്കെടുതികള്‍ക്കിടയിലെ ബലിപെരുന്നാളും ഓണവും

വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി

കേരള ജനതയെ ദുരിതക്കയത്തിലാഴ്ത്തിയ മഹാ പ്രളയത്തിന്റെ ആഘാതത്തിനിടയിലാണ് ഈ വര്‍ഷം പെരുന്നാളും ഓണവും വന്നെത്തിയത്. ഓര്‍ക്കാപ്പുറത്ത് പ്രഹരമേല്‍പ്പിച്ച ഈ വിപത്ത് മനുഷ്യ ചിന്തയെ തട്ടിയുണര്‍ത്താനും പാഠങ്ങള്‍ കടഞ്ഞെടുക്കാനും പര്യാപ്തമായതാണ്. മനുഷ്യന്റെ കഴിവുകളും കണ്ടുപിടുത്തങ്ങളും സജ്ജീകരണങ്ങളും എത്രമാത്രം വളരട്ടെ ഇത്തരം പ്രതിഭാസങ്ങളെ മുന്‍കൂട്ടി കണ്ടെത്താനോ, പ്രതിരോധിക്കാനോ അവന് കഴിയില്ല. എങ്കിലും ഖുര്‍ആന്‍ സൂചിപ്പിക്കുംപോലെ താന്‍ സ്വയം പര്യാപ്തത നേടിയവനാണെന്ന് മനുഷ്യന്‍ അഹങ്കരിക്കുകയാണ്. ‘നിങ്ങള്‍ക്ക് അറിവ് അല്‍പം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളു’ എന്ന ഖുര്‍ആന്‍ പ്രസ്താവനയുടെ പൊരുള്‍ വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.

ഈ പ്രകൃതിയെ പിടിച്ചുകെട്ടാനുള്ള വിദ്യയൊന്നും അവന് നേടാന്‍ കഴിയുകയില്ല. കാലം ചെല്ലുംതോറും അറിവില്ലായ്മയുടെ ആഴം കൂടുകയാണ്. മുമ്പ് സംഭവിച്ച പ്രകൃതി വിപത്തുകളില്‍ ചിലത് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പ്രവാചകനായ നൂഹിന്റെ കാലത്ത് തോരാതെ മഴ പെയ്ത് മഹാ പ്രളയമുണ്ടായി. ഹൂദ് നബിയുടെ കാലത്ത് ഏഴ് രാത്രിയും എട്ട് പകലും അടിച്ചുവീശിയ അതിശക്തമായ കൊടുങ്കാറ്റില്‍ ഈത്തപ്പന തടിപോലുള്ള ഭീമാകാരന്മാരായ മനുഷ്യര്‍ മറിഞ്ഞുവീഴുകയായിരുന്നു. ലൂത്ത് നബിയുടെ കാലത്ത് ഭൂകമ്പത്തില്‍ ഒരു പ്രദേശം അടിമേല്‍ മറിഞ്ഞു ചാവുകടല്‍ പ്രത്യക്ഷപ്പെട്ടു. ജനങ്ങളുടെ ദുഷ് ചെയ്തികള്‍ ഈ പ്രകൃതിയില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ പ്രകൃതിയുടെ താളക്രമത്തില്‍ മാറ്റം വരുമ്പോള്‍ സ്രഷ്ടാവിനോട് മനം നൊന്തു പ്രാര്‍ത്ഥിക്കുകയല്ലാതെ മനുഷ്യന് മറ്റെന്ത് ചെയ്യാന്‍ കഴിയും. വീടുകളിലേക്ക് വെള്ളം കയറിയപ്പോള്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതെ നിസ്സഹായാവസ്ഥയില്‍ ഉഴലുന്ന മനുഷ്യരെയാണ് കണ്ടത്. താന്‍ പൂര്‍ണമായും സുരക്ഷിതനാണെന്ന് ഒരു മനുഷ്യനും ധരിക്കാന്‍ പാടില്ലെന്നും, ഏതെങ്കിലും തരത്തിലുള്ള ആപത്ത് ആരെയും ഏത് നിമിഷവും പിടികൂടാന്‍ സാധ്യതയുണ്ടെന്നുമുള്ള ജീവിത സത്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പ്രളയ സംഭവം.

മനുഷ്യര്‍ ആപത്തുകളില്‍ അകപ്പെടുമ്പോള്‍ അവരെ രക്ഷിക്കാനും സഹായിക്കാനും പ്രവര്‍ത്തിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. ഇവിടെ മനുഷ്യന്‍ എന്ന പരിഗണനയല്ലാതെ മതമോ, ജാതിയോ, പ്രദേശമോ, രാഷ്ട്രീയമോ ഒന്നും ചിന്തനീയമല്ല. ഈ വിഷയത്തില്‍ കേരളീയ സമൂഹം ലോകത്തിന് തന്നെ മാതൃകയാകുംവിധം പ്രവര്‍ത്തിച്ചു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മതപരമായ ബാധ്യതയാണിത്. പ്രവാചകന്‍ പറയുന്നു: ‘ഈ ഭൗതിക ജീവിതത്തില്‍ ഒരാളുടെ വിഷമം ആരെങ്കിലും തീര്‍ത്തുകൊടുത്താല്‍ മരണാനന്തരം അവനുണ്ടാകുന്ന വിഷമം അല്ലാഹുവും തീര്‍ത്തുകൊടുക്കും. ഒരു സഹോദരനെ സഹായിക്കുന്നേടത്തോളംകാലം ദൈവം അവനെയും സഹായിക്കും’. പട്ടിണി കിടക്കുന്ന അയല്‍വാസിയുടെ മതവും ജാതിയും നോക്കിയല്ല അവന്റെ വിശപ്പകറ്റേണ്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഒരു ബാധ്യതയും പരലോകത്ത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മവുമായാണ് വിശ്വാസി കാണുന്നത്.

ദുഃഖത്തിന്റെ ഇരുള്‍മൂടിയ അന്തരീക്ഷത്തിലാണ് ഈ വര്‍ഷം ബലിപെരുന്നാളും ഓണാഘോഷവും സമാഗതമായത്. സുഖ ദുഃഖ സമ്മിശ്രമാണല്ലോ ഈ ജീവിതം. വിഷമസന്ധികളുണ്ടാകുമ്പോള്‍ നിരാശരും നിഷ്‌ക്രിയരുമായി പകച്ചുനില്‍ക്കാതെ അതിനെ സധൈര്യം നേരിട്ട് പുതിയൊരു ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന മാര്‍ഗം. ത്യാഗത്തിന്റെ സന്ദേശവുമായി വന്നെത്തിയ പെരുന്നാള്‍ ഈ ബോധമാണുണര്‍ത്തിയത്. പെരുന്നാളും ഓണവും ഒന്നിന് തൊട്ടു മറ്റൊന്നായി ഒത്തുചേര്‍ന്നു വന്നപ്പോള്‍ അതില്‍ ഐക്യത്തിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും ചിഹ്നങ്ങളുടെ തിളക്കം ദൃശ്യമാകുന്നു. ഓണത്തിനും പെരുന്നാളിനും പരസ്പരം സദ്യക്ക് ക്ഷണിക്കുകയും അയല്‍വാസികള്‍ വിശിഷ്ട വിഭവങ്ങള്‍ കൈമാറുകയും ചെയ്യുന്ന സംസ്‌കാരമാണ് കേരളത്തിലുള്ളത്. ദൗര്‍ഭാഗ്യവശാല്‍ ഹിന്ദുക്കളുടെ ഓണത്തില്‍ മുസ്‌ലിംകള്‍ക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്ന ഹ്രസ്വമനസ്‌കര്‍ രണ്ട് വിഭാഗങ്ങളിലുമുണ്ട്. പ്രവാചകന്റെ കാലത്തെ ഒരു സംഭവം ഇവിടെ ശ്രദ്ധേയമാണ്. ബലിപെരുന്നാള്‍ ദിനത്തില്‍ പ്രവാചക ശിഷ്യനായ ഇബ്‌നു ഉമര്‍ അദ്ദേഹത്തിന്റെ ജോലിക്കാരനോട് അയല്‍വാസിയായ അമുസ്‌ലിമിന് ബലിമാംസം നല്‍കാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു. ഒരു അമുസ്‌ലിമിന്റെ കാര്യത്തില്‍ അങ്ങേക്ക് എന്താണിത്ര താല്‍പര്യമെന്നായി ജോലിക്കാരന്‍. ഇബ്‌നു ഉമറിന്റെ മറുപടി ഇങ്ങനെ: മലക്ക് ജിബ്രീല്‍ അയല്‍ക്കാരന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രവാചകന്‍ പ്രസ്താവിച്ചിരിക്കുന്നു.

ഓണത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വ്യത്യസ്തമായ കഥ തന്നെ സമുദായ സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ആണല്ലോ കേരളത്തിലെ ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തി. അദ്ദേഹം ഇസ്‌ലാമിനെപ്പറ്റി കേട്ടറിഞ്ഞ് മതം മാറി മക്കയിലേക്ക് പോയി എന്നാണല്ലോ ചരിത്രം. ഈ സംഭവമാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനമെന്നാണ് ലോഗന്‍ മലബാര്‍ മാന്വലില്‍ പ്രസ്താവിച്ചിട്ടുള്ളത്. ചേരമാന്‍ പെരുമാളിനോടൊപ്പം നാട്ടിലേക്ക് മത പ്രബോധനത്തിന് തിരിച്ച മാലികുബ്‌നു ദീനാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇവിടത്തെ ഹിന്ദു സഹോദരന്മാര്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണുണ്ടായത്. അന്നു മുതല്‍ കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം ശോഭ പരത്തി നിലകൊള്ളുന്നു. ഇതിന്റെ പ്രകാശം കെടുത്താന്‍ ചിലരൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഭാഗ്യവശാല്‍ അത് വിജയിക്കുന്നില്ല. ഓണം പോലുള്ള വിശേഷാവസരങ്ങള്‍ ഇത് ശക്തിപ്പെടുത്താനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്തേണ്ടതാണ്.

ഇതര മതസ്ഥരുടെ നേരെയുള്ള ഇസ്‌ലാമിന്റെ നയം മുസ്‌ലിംകളെപ്പോലെ മറ്റുള്ളവരും തെറ്റിദ്ധരിച്ചിരിക്കുന്നു. മനുഷ്യന്‍, അവന്റെ ഭാഷയും ജാതിയും വര്‍ണവും വര്‍ഗവും എന്താവട്ടെ എല്ലാവരും ഒരേ മാതാപിതാക്കളുടെ മക്കളും സഹോദരന്മാരുമാണെന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. മുഹമ്മദ് നബിയുടെ ആഗമനത്തിന് ശേഷം അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെങ്കിലും മറ്റുള്ള എല്ലാ മത സമുദായങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ സമ്പൂര്‍ണ വിജയവും പരലോക മോക്ഷവും ലഭിക്കണമെങ്കില്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിച്ച് സല്‍ക്കര്‍മ്മനിരതമായ ജീവിതം നയിക്കണം. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയത് കൊണ്ടാണ് ഇവിടെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായത്. എന്നാല്‍ പരസ്പരം സഹായിക്കുന്നതിനും നന്മയുടെ മാര്‍ഗത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലും മത വ്യത്യാസം പരിഗണനീയമല്ല. ഇസ്‌ലാമിന്റെ ഇതര മതസ്ഥരോടുള്ള നയം മാതൃകാ യോഗ്യമായ ജീവിതത്തിലൂടെ മുസ്‌ലിം വിശ്വാസികള്‍ മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അകന്നു നില്‍ക്കുന്നവരെ അടുപ്പിക്കുകയും തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുകയും ചെയ്യാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ദുരിതങ്ങളുണ്ടാകുമ്പോള്‍ വെറും മാനുഷികത മാത്രം പരിഗണിച്ച് പ്രവര്‍ത്തിക്കുകയും സന്തോഷാവസ്ഥകളില്‍ സമുദായ പരിഗണനയില്ലാതെ ആഹ്ലാദം പങ്കുവെക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്. പെരുന്നാളും ഓണവുമെല്ലാം ഇത്തരം ശുഭചിന്തകളുടെ സുഗന്ധം പരത്താനുള്ള സന്ദര്‍ഭമാകട്ടെ.

SHARE