സ്വവര്‍ഗരതി: കോടതി വിധിയും മതവിധിയും

വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി

സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു. ലൈംഗിക താല്‍പര്യം സ്വാഭാവിക ജൈവ പ്രക്രിയയാണ്. അത് എങ്ങനെ നിര്‍വഹിക്കണമെന്ന് നിശ്ചയിക്കാന്‍ സമൂഹത്തിന് അവകാശമില്ല. അതിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് മൗലികാവകാശ ലംഘനമാണ്- തുടങ്ങിയ ന്യായങ്ങളെ അടിസ്ഥാനമാക്കിയാണ് വിധി. എന്നാല്‍ നിര്‍ബന്ധ പ്രേരണ, കുട്ടികളെയോ, മൃഗങ്ങളെയോ ദുരുപയോഗിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളാക്കുന്ന വകുപ്പ് അങ്ങനെത്തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഈ വിധിയിലൂടെ സ്വവര്‍ഗരതി നിയമ വിധേയമാക്കുന്ന 26-ാമത്തെ രാജ്യമായി ഇന്ത്യ. ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിധി ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാന്‍ പോകുന്നേയുള്ളു.

എന്നാല്‍ സ്വവര്‍ഗരതി സംബന്ധിച്ച് വ്യക്തമായ നിയമമുള്ള ഇസ്‌ലാം മതത്തെയും മുസ്‌ലിം വിശ്വാസി സമൂഹത്തെയും വിധി എങ്ങനെ ബാധിക്കുമെന്നതാണ് ഇവിടെ ചര്‍ച്ചാവിഷയം. ലൈംഗിക വികാര ശമനത്തിനായി പുരുഷന്‍ പുരുഷനുമായും സ്ത്രീ സ്ത്രീയുമായും ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെയാണ് സ്വവര്‍ഗരതി എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം മനുഷ്യ സമൂഹത്തില്‍ ഉടലെടുത്തത് പ്രവാചകനായ ലൂത്തിന്റെ കാലത്താണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അദ്ദേഹം ഈ നീചകൃത്യത്തില്‍നിന്ന് പിന്മാറാന്‍ ജനങ്ങളോട് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്തു. ‘നിങ്ങള്‍ ശാരീരിക വികാരം ശമിപ്പിക്കാന്‍ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയോ, നിങ്ങള്‍ക്ക് മുമ്പ് ലോകത്ത് മറ്റാരും ഇത് ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു. പക്ഷേ, അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ലൂത്തിനെയും കൂട്ടരെയും നാട്ടില്‍ നിന്ന് പുറത്താക്കുക. അവര്‍ പരിശുദ്ധന്മാര്‍’ രാത്രിയുടെ അന്ത്യത്തില്‍ സംഭവിച്ച ഭയാനകമായ ഭൂകമ്പത്തില്‍ അവരുടെ നാട് കീഴ്‌മേല്‍ മറിഞ്ഞു. ലൂത്തും കൂട്ടരും നേരത്തെ സ്ഥലം വിട്ടിരുന്നതിനാല്‍ നാശത്തില്‍നിന്ന് രക്ഷപ്പെട്ടു. മനുഷ്യര്‍ പാഠം ഉള്‍ക്കൊള്ളാനാണ് ഖുര്‍ആന്‍ ഈ സംഭവം അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിയെ ലൂത്തിന്റെ ജനതയുടെ പണി എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. ഇതില്‍ ഏര്‍പ്പെടുന്നതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘ദൈവം അവരെ ശപിക്കട്ടെ’ അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതല്‍ നടപടികളും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വിശുദ്ധ ഖുര്‍ആന്‍ ‘സ്ത്രീകള്‍’ എന്ന അധ്യായത്തിലെ 15, 16 വാക്യങ്ങളില്‍ പ്രസ്താവിച്ച നീചകൃത്യത്തിലേര്‍പ്പെടുന്ന രണ്ട് പുരുഷന്മാര്‍, സ്ത്രീകള്‍ എന്നതുകൊണ്ട് ഉദ്ദേശ്യം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് ആദ്യ നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതനായ അബൂ മുസ്‌ലിം അഭിപ്രായപ്പെടുന്നത്. ഈ അഭിപ്രായ പ്രകടനത്തിനുള്ള അടിസ്ഥാനമെന്തെന്ന് ചോദിക്കപ്പെട്ടപ്പോള്‍ പ്രവാചക ശിഷ്യന്മാരുടെ തൊട്ട തലമുറയില്‍പെട്ട പണ്ഡിതനായ മുജാഹിദ് അങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്നാണ് അബൂ മുസ്‌ലിം മറുപടി നല്‍കിയത്. എന്നാല്‍ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാര്‍ക്കുള്ള ശിക്ഷ വ്യക്തമാക്കുന്ന ഖുര്‍ആന്‍ 24-ാം അധ്യായത്തിലെ രണ്ടാം വാക്യം അവതരിപ്പിക്കുന്നതിന് മുമ്പുള്ള ശിക്ഷാ നടപടിയെപ്പറ്റിയുള്ള പരാമര്‍ശമാണ് ഈ രണ്ട് വാക്യങ്ങളിലുള്ളതെന്നാണ് മറുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ആദ്യത്തെ വ്യാഖ്യാന പ്രകാരം ഈ നീചകൃത്യത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയും പുരുഷന്മാരെ അവരോട് കടുത്ത വെറുപ്പും അകല്‍ച്ചയും പ്രകടിപ്പിച്ച് മാനസിക പീഡനത്തിനിരയാക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ട സാമൂഹ്യ ബാധ്യതയാണ് വ്യക്തമാക്കുന്നത്.

മതം ഒരു കാര്യം നിരോധിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരു തിന്മ അടങ്ങിയിട്ടുണ്ടാകും. അത് പ്രത്യക്ഷമാകാം; പരോക്ഷമാകാം. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശാരീരികമോ, മാനസികമോ ആയ എന്തെങ്കിലും കുഴപ്പങ്ങള്‍ വന്നുപെടുമോ? പ്രസിദ്ധ വൈദ്യശാസ്ത്ര വിദഗ്ധനായ ഡോ. മുഹമ്മദ് വസ്ഫീ അദ്ദേഹത്തിന്റെ ‘അല്‍ ഇസ്‌ലാം വത്തിബ്’- ഇസ്‌ലാമും വൈദ്യശാസ്ത്രവും എന്ന ഗ്രന്ഥത്തില്‍ ഇത് സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. അതിലെ ആശയങ്ങളില്‍ ചിലത് ഇവിടെ ചുരുക്കി വിവരിക്കാം: ‘സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന് സ്ത്രീയില്‍ താല്‍പര്യം കുറയും. ചിലപ്പോള്‍ അവളുമായി ലൈംഗികവേഴ്ച നടത്താന്‍ പോലും കഴിയാതെ വരും. വിവാഹത്തിന്റെ പ്രധാന ദൗത്യമായ സന്തത്യുല്‍പാദനത്തിന് തന്നെ കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഇത്തരം പുരുഷന്മാര്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ ഈ കൃത്യത്തിന്റെ അനന്തര ഫലം അനുഭവിക്കുന്ന നിര്‍ഭാഗ്യവതിയാകും. വിവാഹത്തിന്റെ ലക്ഷ്യമായ സമാധാനവും സ്‌നേഹവും കാരുണ്യവും അവള്‍ക്ക് ലഭിക്കുകയില്ല. വിവാഹിതയോ, വിവാഹ മോചിതയോ അല്ലാത്ത നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവള്‍ എടുത്തെറിയപ്പെടും. ഈ നീചപ്രവൃത്തി മനുഷ്യന്റെ ഞരമ്പുകളിലും ദുഷിച്ച പ്രതിഫലനമുണ്ടാകും. സ്വഭാവത്തിലും അത് പ്രതിഫലിക്കും. ഒരു സ്ത്രീയെപോലെ പുരുഷന്റെ സ്വകാര്യാവയവങ്ങളെപ്പറ്റിയുള്ള ചിന്ത അയാളെ സ്വാധീനിക്കും. തന്റെ പുരുഷ ഇണയെ ആകര്‍ഷിക്കാനുള്ള വേഷവിധാനങ്ങളണിയും. അസാധാരണമായ ചില ഞരമ്പു രോഗങ്ങള്‍ അവനെ പിടികൂടും. മനുഷ്യന്റെ ബുദ്ധിയുടെ സന്തുലിതാവസ്ഥ ഇത് നഷ്ടപ്പെടുത്തും. മനക്കരുത്ത് ദുര്‍ബ്ബലമാകും. ഇതിനെല്ലാം പുറമെ സ്വകാര്യ ഭാഗങ്ങളിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ചില പദാര്‍ത്ഥങ്ങള്‍ അറിയാതെ സ്രവിക്കും. സ്വഭാവങ്ങളിലും മാറ്റം സൃഷ്ടിക്കും. ഗൗരവമേറിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മന:സാക്ഷി നഷ്ടപ്പെടും. കുഞ്ഞുങ്ങളെ ആക്രമിക്കുന്നതില്‍ സംതൃപ്തി തോന്നും. ഏത് തിന്മയും പ്രവര്‍ത്തിക്കാന്‍ ഒരു കൂസലുമുണ്ടാവില്ല. ഹൃദയമിടിപ്പ് കൂടും. ബീജങ്ങളുടെ ഉല്‍പാദനക്ഷമത ശോഷിക്കും. ചിലര്‍ വന്ധ്യതക്ക് തന്നെ അടിപ്പെട്ടെന്ന് വരും. സ്വവര്‍ഗരതി ഒരിക്കലും ലൈംഗിക വികാരത്തെ തൃപ്തിപ്പെടുത്തുകയില്ല. സ്ത്രീയെ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അത് പ്രദാനം ചെയ്യുകയില്ല. ലൈംഗികാവയവം ശക്തമായ സമ്മര്‍ദ്ദത്തിന് വിധേയമാകും. സ്ത്രീയുമായി ഭോഗത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശാരീരികാവസ്ഥയെയും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തന രീതിയും സ്വവര്‍ഗരതി നടത്തുമ്പോഴുണ്ടാകുന്ന അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ വലിയ അന്തരമുണ്ടെന്ന് ബോധ്യമാകും.’

ഒരു മനശാസ്ത്ര വിദഗ്ധനുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തെ സമീപിക്കുന്നവരില്‍ സ്വവര്‍ഗരതിയുടെ ബലിയാടുകളും- പലരുമുണ്ടെന്ന് ബോധ്യമായി. ഒരനുഭവം ഇങ്ങനെ: സ്വവര്‍ഗാനുരാഗിയായ ഒരാള്‍ വിവാഹം കഴിച്ചു. പക്ഷേ, തന്റെ ആണുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇടക്കിടെ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭാര്യ ആ യുവാവുമായി അടുത്തു. ഗര്‍ഭിണിയായ അവള്‍ പ്രസവിച്ചപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. കുഞ്ഞിന് ഭര്‍ത്താവിന്റെ ആണിണയുടെ അതേ കണ്ണും കാതും മുഖവും. ഇതുപോലെ എത്ര കുടുംബ, ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു ഈ ദുഷ് ചെയ്തി.

കോടതി വിധി ഒരിക്കലും ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു ഹറാമിനെ ഹലാലാക്കുകയില്ല. ആര്‍ക്കാണ് ഈ ഭൗതിക ജീവിതത്തിലും മരണത്തിന് ശേഷമുള്ള ശാശ്വത ജീവിതത്തിലും വിജയം ലഭിക്കുക എന്ന് ഖുര്‍ആന്‍ 23-ാം അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. അടിയുറച്ച വിശ്വാസം, ദൈവഭക്തിയോടുകൂടിയുള്ള നമസ്‌കാരം, സകാത്ത് നിര്‍വഹണം, എല്ലാ അനാവശ്യങ്ങളില്‍ നിന്നുമുള്ള അകല്‍ച്ച- ഈ കാര്യങ്ങള്‍ പ്രസ്താവിച്ച ശേഷം അവസാനമായി പറയുന്നു ഇണകളുമൊത്തല്ലാതെ അഥവാ- വിവാഹം കഴിഞ്ഞു ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും ഒഴികെ വിവാഹത്തിന് മുമ്പും ശേഷവും മറ്റാരുമായും ലൈംഗിക ബന്ധം പുലര്‍ത്താതിരിക്കുക. ഇതിനപ്പുറം ആഗ്രഹിക്കുന്നവര്‍ ദൈവം നിശ്ചയിച്ച അതിര്‍ത്തി ലംഘിക്കുന്നവരാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ലൈംഗിക സുഖം അനുഭവിക്കാനുള്ള മൗലികാവകാശത്തെയും ഇസ്‌ലാം ആദരിക്കുന്നു. പക്ഷേ, അവയുടെ നിര്‍വഹണം സ്രഷ്ടാവിന് നിശ്ചയിച്ച മാര്‍ഗത്തിലൂടെയും അവന്റെ പരിധി ലംഘിക്കാതെയുമായിരിക്കണം.