വാഹനം വാങ്ങാനാളില്ല; ജനുവരിയിലുണ്ടായത് വന്‍ ഇടിവ്


ന്യൂഡല്‍ഹി: തകര്‍ച്ചയില്‍ നിന്ന് കരകയറാതെ രാജ്യത്തെ വാഹനവിപണി. രാജ്യത്തൊട്ടാകെയുള്ള വാഹന രജിസ്‌ട്രേഷന്‍ 2019ജനുവരി-2020 ജനുവരി യില്‍ 7.17 ശതമാനത്തിലധികം ഇടിഞ്ഞതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ത്രീവീലറുകള്‍ ഒഴികെ കാര്യമായ വില്‍പന നടക്കുന്നില്ലെന്നും പ്രസിഡന്റ് ആശിഷ് ഹര്‍ഷരാജ് കാലെ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളും ബി എസ് 6ലേക്കുള്ള മാറ്റവും വിപണിയെ ബാധിച്ചിട്ടുണ്ട്. 2020 ലെ ബജറ്റില്‍ വാഹനമേഖലക്ക് വളര്‍ച്ചാ പ്രോത്സാഹന സംരംഭങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം 12.67 ലക്ഷമായിരുന്നു. 2019 ജനുവരിയില്‍ ഇത് 13.89 ലക്ഷമായിരുന്നു. 8.82 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ത്രീവീലര്‍ രജിസ്‌ട്രേഷന്‍ 9.17 ശതമാനം ഉയര്‍ന്ന് 2020 ജനുവരിയില്‍ 63,514 രജിസ്‌ട്രേഷനുകള്‍ നേടി. മുന്‍ വര്‍ഷം ഇത് 58,178 ആയിരുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം 3.04 ലക്ഷത്തില്‍ നിന്ന് 4.61 ശതമാനം ഇടിഞ്ഞ് 2.9 ലക്ഷമായി. വാണിജ്യ വാഹനങ്ങളും 2019 ജനുവരിയില്‍ 88,271 ല്‍ നിന്ന് 82,187 രജിസ്‌ട്രേഷനുകളില്‍ 6.89 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഫാഡ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വാഹന രജിസ്‌ട്രേഷന്‍ 2020 ജനുവരിയില്‍ 17.5 ലക്ഷമാണ്. 2010 ജനുവരിയിലെ 18.85 ലക്ഷത്തില്‍ നിന്ന് 7.17 ശതമാനം കുറവുണ്ടായി. കഴിഞ്ഞ 14 മാസത്തിനിടെ ഏറ്റവും പ്രയാസകരമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളായി വാഹന വിണയില്‍ നേരിടുന്ന പ്രതിസന്ധി ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന അവസ്ഥയിലെത്തിച്ചിരുന്നു. എന്നാല്‍ വിപണിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഈ മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ ജോലി നഷ്ടപ്പെട്ടത്.

SHARE