നമ്പര്‍ പ്ലേറ്റില്‍ വന്‍ അഴിച്ചുപണി; രജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷം വാഹനത്തില്‍ ചേര്‍ക്കും


തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന രീതി മാറുന്നു. റജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാകും ഇനി നമ്പര്‍ നല്‍കുക. ആര്‍.ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള രീതി മാറ്റും. മോട്ടര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലാണ്. സോഫ്റ്റ്വെയറിലും മാറ്റത്തിനു തയാറെടുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് (എന്‍ഐസി) മോട്ടര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ നമ്പര്‍ പരിഷ്‌കാരം. ഇതു നടപ്പായാല്‍ സംസ്ഥാനത്ത് ഒരേ നമ്പറില്‍ ഒറ്റ വാഹനമേ ഉണ്ടാകൂ. വിവിധ ആര്‍ടി ഓഫിസ് സീരീസുകളിലായി ഒരേ നമ്പര്‍ അനുവദിക്കുന്ന രീതി അവസാനിക്കും. 2020ല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനത്തിന്റെ നമ്പര്‍ തുടങ്ങുക കെഎല്‍-20 എന്നാണ്. 2021ല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെഎല്‍ 21 എന്നായിരിക്കും നമ്പര്‍ തുടങ്ങുക. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെഎല്‍-01 എന്നതുപോലെ ഓരോ ആര്‍ടി ഓഫിസ് അടിസ്ഥാനത്തിലും ഇതുപോലെ നമ്പര്‍ എന്നതാണു നിലവിലുള്ള സ്ഥിതി. 86 ആര്‍ടി ഓഫിസുകള്‍ ആയതോടെ കെഎല്‍ 86 എന്ന നമ്പറില്‍ വരെ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനാല്‍ ഏതു ജില്ലയാണെന്നു കണ്ടുപിടിക്കുക പോലും ബുദ്ധിമുട്ടായി.

അതുകൊണ്ടാണ് ഒറ്റ നമ്പര്‍ എന്ന ആശയത്തിലേക്കു പോയത്. കെഎല്‍ 20 കഴിഞ്ഞാല്‍ എഎ 1 എന്നായിരിക്കും നമ്പര്‍ തുടങ്ങുക. അടുത്ത റജിസ്‌ട്രേഷന്‍ കേരളത്തില്‍ എവിടെ ആണെങ്കിലും കെഎല്‍ 20 എഎ 2 എന്നാകും. എഎ 1 മുതല്‍ 9999 കഴിഞ്ഞാല്‍ എബി 1 തുടങ്ങും. നിലവില്‍ നെയ്യാറ്റിന്‍കര ആര്‍ടി ഓഫിസാണ് കെഎല്‍ 20 സീരീസിലുള്ളത്. പുതിയ സംവിധാനം വരുമ്പോള്‍ അവിടെ കെഎല്‍ 20 എഎ എന്ന സീരീസ് തുടങ്ങും. അടുത്ത വര്‍ഷം കെഎല്‍ 21 എന്ന നമ്പറെത്തുമ്പോള്‍ നിലവില്‍ കെഎല്‍ 21 ആര്‍ടി ഓഫിസ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇതുപോലെ തന്നെ എഎ എന്ന സീരീസിലാകും നമ്പര്‍.

ഇഷ്ടനമ്പര്‍ ലഭിക്കാന്‍ മത്സരിക്കുന്നവര്‍ക്കും പെട്ടെന്ന് അവസരം ലഭിക്കും. നിലവില്‍ ഇഷ്ട നമ്പര്‍ കിട്ടാതെ പോയാല്‍ അടുത്ത സീരീസില്‍ അതേ നമ്പര്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. പുതിയ സംവിധാനത്തില്‍ മൂന്നര ദിവസം കഴിയുമ്പോള്‍ അടുത്ത സീരീസില്‍ ഇഷ്ട നമ്പര്‍ ലഭിക്കും. നിലവില്‍ ജില്ലാതലത്തില്‍ ആണു ലേലം വിളിയില്‍ പങ്കെടുക്കാവുന്നതെങ്കില്‍ പുതിയ സംവിധാനത്തില്‍ കേരളത്തില്‍ എവിടെ നിന്നും പങ്കെടുക്കാം.