സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തിനും നേതാക്കള്‍ക്കും സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് മാത്രമെ അറിയുകയുളളൂ. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ തങ്ങള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കണമെന്നും അഭിപ്രായങ്ങള്‍ അവിടെ പറയുമെന്നും അദ്ദേഹം വിശദമാക്കി.

സാധാരണഗതിയില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന പോയിന്റുകള്‍ വിതരണം ചെയ്യാറുണ്ട്. കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടില്ല. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യരേഖയാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കിട്ടുക എന്നത് പ്രതിചേര്‍ക്കപ്പെടുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ്. സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പട്ടിക രണ്ട് മൂന്ന് ദിവസത്തിനകം പുറത്തുവരും.

താന്‍ ഹര്‍ത്താലിന് എതിരാണെന്നും ഇന്നലത്തെ ഹര്‍ത്താലുമായി സഹകരിച്ചിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു ഇനി കേരളത്തില്‍ ആരും ഹര്‍ത്താല്‍ നടത്താതിരിക്കട്ടെ എന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് പടയൊരുക്കം എന്ന പേരില്‍ റാലി നടത്താന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റാലിയുടെ ഉത്തരമേഖലയായ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യത്തെ റാലി കോഴിക്കോട്ട് നടക്കും. ദേശീയനേതാക്കളായ ശരത് യാദവ്, ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുതലായവര്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തിരുവനന്തപുരത്തെ സമാപന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. പി.ചിദംബരം, കബില്‍ സിബല്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുതലായവര്‍ വിവിധ സ്ഥലങ്ങളിലായി പടയൊരുക്കത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE