പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍. പ്രളയക്കെടുതിയെക്കുറിച്ച് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം മാനേഡ്‌മെന്റിനെക്കുറിച്ച് പ്രാഥമിക പഠനം പോലും അറിയാത്തവര്‍ വരുത്തി വെച്ചതാണ് ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഡാമുകളിലെ വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റു നില്‍ക്കുകയായിരുന്നു. ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനു പോലും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ കുടുങ്ങിയ സുഖമില്ലാത്തവരെ രക്ഷിച്ച് കൊണ്ടുവന്നപ്പോള്‍ ആബുലന്‍സ് പോലും ഉണ്ടായില്ല. മൃതദേഹങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായി. പൊതുപ്രവര്‍ത്തകരും നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിന്റെ പേരില്‍ ആരും അഭിമാനിക്കേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

SHARE