സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം തിരിച്ചുവരാമെന്ന നിലപാട് സര്‍ക്കാരിന് ഭൂഷണമല്ല; ഒന്നര ലക്ഷത്തോളം മലയാളികളാണ് നാട്ടിലെത്താനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതെന്ന്‌ വി.ഡി സതീശന്‍

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ബിഹാര്‍ ബംഗാള്‍ ഒഡീസ തുടങ്ങിയ ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ നാട്ടിലെത്തിതുടങ്ങി. കേന്ദ്രസര്‍ക്കാറുമായി ബദ്ധപ്പെട്ട് അവിടങ്ങളിലെ സര്‍ക്കാറുകള്‍ ഏര്‍പ്പാടാക്കിയ ട്രെയിനുകളിലും ബസുകളിലുമായാണ് അവര്‍ കേരളത്തില്‍ നിന്നും മറ്റുമായി സ്വന്തം നാട്ടിലേക്ക് പോയത്.

എന്നാല്‍ ഒന്നര ലക്ഷത്തോളം മലയാളികള്‍ നാട്ടിലെത്താനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് ഇപ്പോഴും കാത്തിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ എല്ലാ നടപടികളിലും സഹായവുമായി പ്രതിപക്ഷവുണ്ട്. എല്ലാതെ മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നതിനന്റെ ക്രഡിറ്റ് എടുക്കുകയാവരുത് നമ്മുടെ സര്‍ക്കാറിന്റെ പണിയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം തിരിച്ചു വരാം എന്ന നിലപാട് സ്വീകരിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.