വയല്‍കിളികളുടെ സമരം ജനകീയമല്ലെന്ന് എളമരം കരീം

 

കോഴിക്കോട്: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരം ജനകീയ സമരമല്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരംകരീം. പ്രദേശത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും സമരത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്്. ഇപ്പോള്‍ സമരം നടത്തുന്നത് മറ്റു പ്രദേശങ്ങളില്‍ നിന്ന് എത്തിയവരാണ്. റോഡ് വികസനത്തിനായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുകാരായ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ട്. എന്നു കരുതി റോഡു വേണ്ടെന്ന അഭിപ്രായക്കാരായി ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ തീയിട്ടത് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീപ്പെട്ടിയുമായി നിന്നവരാണോ അതോ സിപിഎംകാരാണോ എന്നതു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രാദേശിക അരാഷ്ട്രീയ സമരങ്ങളെ മാധ്യമങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. കുറ്റിപ്പുറത്തെ ദേശീയപാത സമരത്തില്‍ സി ആര്‍ നീലകണ്ഠനെ പോലുള്ളവരാണ് മുന്നിലുള്ളത്. കീഴാറ്റൂര്‍ സമരത്തിലും പുറത്തുള്ളവരാണ് സമരത്തെ നയിക്കുന്നത്. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ സമരം, മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം എന്നിവയെല്ലാം അരാഷ്ട്രീയ സമരങ്ങളാണ്. അത്തരം സമരങ്ങളെ മാത്രമാണ് മാധ്യമങ്ങള്‍ പിന്തുണക്കുന്നത്. കോഴിക്കോട് കോട്ടൂളിയില്‍ കൊടികുത്തിയ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല. തര്‍ക്കമുള്ളിടത്ത് കൊടികുത്തുക എന്നത് പാര്‍ട്ടിയുടെ നയമല്ല. പുതുപ്പാടിയില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്്‌നമാണ്. അതില്‍ സി.പി.എമ്മുകാരും പെട്ടിട്ടുണ്ടാവും. അതില്‍ ചിലര്‍ കൊടികുത്തി. പാര്‍ട്ടി ഇടപെട്ട് മാറ്റുകയും ചെയ്തു. നിയമവിരുദ്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമവിധേയമായി മാത്രമെ പാര്‍ട്ടി ഇടപെടുകയുള്ളു. കയ്യേറ്റമോ മുഷ്‌കോ പാടില്ല എന്നതുതന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. എളമരം കരീം പറഞ്ഞു.

SHARE