നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്; ഉത്ര കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി

കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പൊലീസിനു മൊഴിനല്‍കി. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണ് ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാമെന്നും വാവാ സുരേഷ് വ്യക്തമാക്കി.

കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിന്റെ മൊഴിയെടുത്തത്. ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയില്‍ സാധാരഗതിയില്‍ പാമ്പ് കൊത്താറില്ല. മരിക്കാന്‍ വേണ്ടി മനഃപൂര്‍വം കടിപ്പിച്ചതാണ് നെറ്റിയില്‍ എന്നും വാവ സുരേഷ് പറഞ്ഞു.

മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂര്‍ഖന്റെ കടിയേക്കാള്‍ അണലിയുടെ കടിയാണ് വേദന കൂടുതല്‍. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂര്‍വമാണ്. പറമ്പില്‍വച്ചാണ് മിക്കവര്‍ക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. സാധാരണഗതിയില്‍ വലിയ അണലി കടിച്ചാല്‍ ഉടന്‍ ചികിത്സ നല്‍കാതെ ഒരാള്‍ ഏഴു മണിക്കൂര്‍ ജീവിച്ചിരിക്കില്ല. രണ്ടാം തവണ മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു.

മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ പ്രവേശിച്ചതാകാമെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. എന്നാല്‍ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ആ മുറിയില്‍ കയറാന്‍. മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികള്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണിലുണ്ട്.

സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനില്‍ നിന്നാണ്. അയാളുടെ വിഡിയോകളില്‍ പാമ്പിന്റെ വായില്‍ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുന്‍പ് അയാള്‍ ചിലപ്പോള്‍ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കില്‍ പുതിയതായി വിഷമുണ്ടായി വരാന്‍ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഉത്ര ഏഴുമണിക്കൂര്‍ ജീവിച്ചത് എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു.

SHARE