‘എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ. അതെനിക്കു കാണണം’ – ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച ധീരദേശാഭിമാനി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ബ്രിട്ടീഷ് കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇങ്ങനെ പറഞ്ഞു:

‘നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവയ്ക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം’

ആ അന്ത്യാഭിലാഷം അംഗീകരിക്കപ്പെട്ടു. യുദ്ധനിയമങ്ങള്‍ക്കു വിരുദ്ധമായി മുന്നില്‍ നിന്നു വെടിയുതിര്‍ത്ത് ബ്രിട്ടീഷുകാര്‍ ആ ധീരദേശാഭിമാനിയെ വെടിവച്ചു കൊന്നു. ഹാജിയുടേത് അടക്കം എല്ലാ മയ്യിത്തുകളും വിറകും മണ്ണെണ്ണയും ഒഴിച്ചു കത്തിച്ചു കളഞ്ഞു. കൂട്ടത്തില്‍ ഹാജിയുടെ ഗവണ്‍മെന്റിന്റെ മുഴുവന്‍ രേഖകളും തീയിട്ടു നശിപ്പിച്ചു.

വാരിയന്‍കുന്നന്റെ ഓര്‍മകള്‍ ഇനിയൊരിക്കലും തിരിച്ചുവരരുത് എന്നായിരുന്നു ബ്രിട്ടീഷുകാരുടെ ആഗ്രഹം. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു അഗ്നിക്കും വിഴുങ്ങാനാവാത്ത ഓര്‍മയായി വാരിയന്‍കുന്നന്‍ ജ്വലിച്ചു നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിലെ വലിയ തീപ്പന്തമായി.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ഭയം മുന്നില്‍ നിന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങള്‍

1- ബ്രിട്ടീഷ് മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കിപ്പറമ്പത്ത് ക്രിസ്തുവര്‍ഷം 1870ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പിതാവ്. ഉമ്മ തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞ്ഞായിശുമ്മ. സാമൂതിരി രാജാവുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന കുടുംബമായിരുന്നു ഹാജിയുടേത്.

2- ഏറനാട്ടിലെ സമ്പന്നനായ മരവ്യാപാരിയായിരുന്നു ഹാജിയുടെ പിതാവ് മൊയ്തീന്‍ കുട്ടി ഹാജി. മരഡിപ്പോകളും, ചരക്കു നീക്കത്തിന് കാളവണ്ടികളും, ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങളും സ്വന്തമായിരുന്ന പിതാവിനെ കാര്‍ഷിക വ്യാപാര രംഗങ്ങളില്‍ ചെറുപ്പം തൊട്ടേ കുഞ്ഞഹമ്മദ് ഹാജി സഹായിച്ചിരുന്നു. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാര്‍ ആയിരുന്നു ഹാജിയുടെ വീര പുരുഷന്‍.

3- 20 വയസ്സിന്റെ ചുറുചുറുക്കില്‍ കുഞ്ഞഹമ്മദ് ഹാജി മലബാര്‍ മാപ്പിള സമരത്തിന്റെ നേതൃനിരയിലെത്തി. ഇതിനിടെ അദ്ദേഹം മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ടു. യാത്രയ്ക്കിടെ കുറച്ചു കാലം ബോംബെയില്‍ തങ്ങി. അവിടെ വച്ച് ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സ്വായത്തമാക്കി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മനസ്സിലാക്കി.

4- 1894ലെ മണ്ണാര്‍ക്കാട് കാര്‍ഷിക ലഹളയില്‍ പ്രതിചേര്‍ത്ത് ഹാജിയുടെ പിതാവിനെ അന്തമാനിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി. ഇത് ഹാജിയുടെ ബ്രിട്ടീഷ് വിരോധത്തിന് ശക്തി കൂട്ടി. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചില പണ്ഡിതര്‍ക്ക് കത്തെഴുതി. ഇതോടെ ഹാജി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി. വീണ്ടും മക്കയിലേക്ക് പോയ ഹാജി തിരിച്ചു വന്നത് 1905ല്‍.

5- ജന്മദേശമായ നെല്ലിക്കുത്ത് തിരിച്ചെത്തിയ ഹാജിയെ ബ്രിട്ടീഷുകാര്‍ അവിടെ താമസിക്കാന്‍ സമ്മതിച്ചില്ല. ഇതോടെ ഉപ്പയുടെ നാടായ നെടിയിരുപ്പില്‍ താമസമാക്കി. വീണ്ടും മക്കയിലേക്ക് പോയ ഹാജി പിന്നീട് തിരിച്ചെത്തിയത് 1915ല്‍. തൊട്ടടുത്ത വര്‍ഷം മലബാര്‍ ജില്ലാ കലക്ടര്‍ ഇന്നിസിനെ കരുവാരക്കുണ്ടില്‍ വച്ചു വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹാജി അറസ്റ്റിലായി. തെളിവില്ലാത്തതിനെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു.

6- 1920 ഓഗസ്റ്റില്‍ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത, പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്ന കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയും പ്രത്യേക ക്ഷണിതാവായി സംബന്ധിച്ചിരുന്നു. മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം സജീവമായത് ഈ സമ്മേളനത്തിന് ശേഷമാണ്.

7- 1920 ഓഗസ്റ്റില്‍ ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയില്‍ നടത്തിയ സൈനിക ഓപറേഷനാണ് ഹാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പള്ളിയില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഓപറേഷന്‍. എന്നാല്‍ പട്ടാളം പള്ളി പൊളിച്ചെന്ന അഭ്യൂഹം കാട്ടുതീ പോലെ പരന്നു. ജനം പള്ളിയിലേക്ക് ഒഴുകി. ജനക്കൂട്ടത്തിന് നേരെ പട്ടാളം വെടിവച്ചു. ജനം പട്ടാളത്തെയും നേരിട്ടു. ബ്രിട്ടീഷ് സേന പിന്തിരിഞ്ഞോടി. തൊട്ടുപിന്നാലെ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമാന്തര ഭരണം പ്രഖ്യാപിക്കപ്പെട്ടു. പത്തു ദിവസം മാത്രമാണ് ആലി മുസ്‌ലിയാര്‍ ഭരിച്ചത്. പിന്നീട് വാരിയന്‍ കുന്നനായി ഭരണാധികാരി.

8- ബ്രിട്ടീഷ് പട്ടാളവും പൊലീസും അധികാരികളും നാടുവിട്ടതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് സ്വതന്ത്ര രാജ്യ പ്രഖ്യാപനം നടന്നത്. മലയാളരാജ്യം എന്നായിരുന്നു രാജ്യത്തിന്റെ പേര്. രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ചു. ചെമ്പ്രശ്ശേരി തങ്ങള്‍, ആലി മുസ്‌ലിയാര്‍, സീതിക്കോയ തങ്ങള്‍ എന്നിവരായിരുന്നു പ്രവിശ്യാ ഭരണാധികാരികള്‍. രാജ്യത്ത് സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, പൊലീസ് എന്നിവയെല്ലാം ഉണ്ടായിരുന്നു. പാസ്‌പോര്‍ട്ടുമുണ്ടായിരുന്നു രാജ്യത്ത്. അക്കാലത്ത് ലഹള ബാധിത പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്ലിംകളും കുഞ്ഞഹമ്മദ് ഹാജിയുടെ പാസ്പോര്‍ട്ടോടുകൂടി മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ.

9- ഒറ്റുകാരെ ഒരു തരത്തിലും വച്ചു പൊറുപ്പിച്ചില്ല കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് അനുകൂലിയായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബിനെ കൊന്ന് തലയറുത്ത് പ്രദര്‍ശിപ്പിച്ച് മഞ്ചേരിയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം ഇങ്ങനെ;

‘ ഏറനാട്ടുകാരെ നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം.ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. ആനക്കയത്തെ പോലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. (ഇല്ല നിങ്ങള്‍ ചെയ്തത് ശരിയാണ് ജനക്കൂട്ടം ആര്‍ത്തു വിളിച്ചു)
ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോല്‍വിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്’

10- ഹാജിയെയും സംഘത്തെയും ഒതുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലുണ്ടായിരുന്ന മൂന്നിലൊന്ന് സൈന്യത്തെയും മലബാറിലേക്ക് നിയോഗിച്ചു. ഒറ്റുകാരെ ഉണ്ടാക്കാനായി രഹസ്യസേനയും സജീവമായി. ഹാജിയുടെ സുഹൃത്തായിരുന്ന രാമനാഥ അയ്യര്‍ വഴി അസര്‍ നമസ്‌കാരത്തിനുള്ള തയ്യാറെടുപ്പിനിടെ സ്‌പെഷ്യല്‍ കമാന്‍ഡോകള്‍ ഹാജിയെയും സംഘത്തെയും കീഴ്‌പ്പെടുത്തുകയായിരുന്നു. 1922 ജനുവരി അഞ്ചിന് ചെണ്ടവാദ്യം മുഴക്കി ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദര്‍ശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി.

1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയില്‍ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാര്‍ഷല്‍ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാന്‍ വിധിച്ചു. വിധി കേട്ട ഹാജി പറഞ്ഞു; ”എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാന്‍ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്‌കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”- ബ്രിട്ടീഷുകാര്‍ അതനുവദിച്ചു.

ജനുവരി 20 ന് മലപ്പുറം കോട്ടക്കുന്നില്‍ ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്താണ് ഹാജിയെ വധിച്ചത്.