കോഴിക്കോട്: മലബാര്‍ കലാപ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ കുറിച്ച് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടത് നാലു സിനിമകള്‍. ആഷിക് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നീ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ആദ്യ മൂന്നെണ്ണത്തിലും വാരിയന്‍കുന്നത്ത് നായകനാണ് എങ്കില്‍ അലി അക്ബര്‍ സിനിമയില്‍ അദ്ദേഹം പ്രതിനായകനാണ്.
ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകള്‍ ഒരേസമയം പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നന്‍’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഉള്ളത്. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തില്‍ വാരിയന്‍ കുന്നന്‍ വില്ലനാണ്.
ആഷിക് അബുവിന്റെ ചിത്രം ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. അടുത്ത വര്‍ഷമാണ് ഷൂട്ടിങ് ആരംഭിക്കുക. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരിക്കഥ. 75-80 കോടി രൂപയാണു ബജറ്റ്. തൊട്ടുപിന്നാലെ ഷഹീദ് വാരിയന്‍കുന്നന്റെ പ്രഖ്യാപനം പി.ടി കുഞ്ഞുമുഹമ്മദ് നടത്തുകയായിരുന്നു. വാരിയന്‍കുന്നനെ കുറിച്ച് സിനിമയെടുക്കുമെന്ന് നേരത്തെ തന്നെ ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെ.’പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു.
ഇബ്രാഹിം വെങ്ങര സിനിമയുടെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. അതാണ് സിനിമയാകുന്നത്.