വാരിയംകുന്നന്‍; പ്രിഥ്വിരാജിനോട് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി


കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മലബാര്‍ സമര ചരിത്ര സിനിമയില്‍ അഭിനയിക്കുന്ന പ്രിഥ്വിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി. ആഷിക് അബുവിന്റെ വാരിയം കുന്നന്‍ സിനിമ ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണെന്നും പൃഥിരാജ് ചരിത്രം പഠിക്കുകയും പരിശോധിക്കുകയും വേണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു പറഞ്ഞു. പൃഥിരാജ് ഈ ചിത്രത്തില്‍ നിന്നും പിന്മാറണമെന്നും കേരളത്തിലെ ഹിന്ദു സംഘടനകളുടെ പൊതുനിലപാട് ഇതാണെന്നും പറഞ്ഞ ആര്‍.വി ബാബു പൃഥിരാജിനോട് നേരിട്ട് സംസാരിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

അതേസമയം ആഷിക് അബു-പ്രിഥ്വിരാജ് ചിത്രം വാരിയന്‍ കുന്നനെ പിന്തുണച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത് എത്തി. വാരിയന്‍ കുന്നന്‍ എന്ന ചലച്ചിത്രം ഒരു കലാകാരന്റെ അവകാശമാണ്. ചരിത്രത്തെ വ്യാഖ്യാനിക്കാന്‍ കലാകാരന് അവകാശമുണ്ട്. ഒരു വിഷയത്തില്‍ നാലു സിനിമകള്‍ എന്നത് പോസിറ്റീവ് ആയി കാണുന്നുവെന്നും ആരെതിര്‍ത്താലും മികച്ച സിനിമകള്‍ ജനം സ്വീകരിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.