ഇത് മറവിയിലേക്ക് പോകുന്ന ചരിത്രം ഓര്‍ത്തെടുക്കാനുള്ള സിനിമ ; വാരിയംകുന്നന്‍ 2022ല്‍ എത്തും

ഫാസിസ്റ്റ് ശക്തികള്‍ ചുറ്റിലും അതിശക്തമായി പിടിമുറുക്കിയ ഈ കാലഘട്ടത്തില്‍ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുകയാണ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പൈട്ട മലബാര്‍ വിപ്ലവ സമരത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് റമീസും അണിയറ പ്രവര്‍ത്തകരിലൊരാളായ മുഹ്‌സിന്‍ പെരാരിയും സംസാരിക്കുന്നു.

1921ലെ മലബാര്‍ സമരത്തിലെ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയായി വേഷമിടുന്നത് പൃഥ്വിരാജാണ്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച നടന്നുവരികയാണെന്നും അതിനെ ക്കുറിച്ച് ഇപ്പോള്‍ പറയാനുമാവില്ലെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് റമീസ് പറഞ്ഞു. 2012 മുതലാണ് വാരിയന്‍കുന്നത്തിനെക്കുറിച്ചുള്ള സിനിമ ചെയ്യണമെന്ന് ആലോചനയുണ്ടാവുന്നത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിസേര്‍ച്ചുകളും ചെയ്തു. 2016 മുതല്‍ സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങിയെന്നും റമീസ് പറഞ്ഞു. നിലവില്‍ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മുഹ്‌സിന്‍ പെരാരിയും വ്യക്തമാക്കി. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ വിദേശികളും ആവശ്യമായിട്ടുണ്ട്. അവര്‍ക്കായുള്ള അന്വേഷണത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

2021 ലാണ് സിനിമ ചിത്രീകരണം തുടങ്ങുക. സെപ്തംബര്‍ മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2022ഓടെ പൂര്‍ത്തിയാകുമെന്ന് കരുതുന്ന ചിത്രം ആ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ എവിടെ ചിത്രീകരിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പറയാനാവില്ലെന്നും മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വാരിയന്‍കുന്നത്ത് സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ട സിനിമയുടെ തിരക്കഥാകൃത്തായ ഹര്‍ഷാദാണ് മറ്റു തിരക്കഥാകൃത്ത്. മുഹമ്മദ് റമീസിന്റെ ആദ്യ തിരക്കഥയാണിത്. മാമുക്കോയയെ കഥാപാത്രമാക്കി ഏഴുവര്‍ഷം മുമ്പാണ് മുഹമ്മദ് റമീസ് അല്‍മൊയ്തു എന്ന ഷോര്‍ട്ട്ഫിലിം തയ്യാറാക്കിയത്. തുടര്‍ന്നാണ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലെത്തുന്നത്. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. മലബാറിലെ വീരസാഹസികനായ വാരിയംകുന്നത്തിന്റെ ചരിത്രം സിനിമയാവുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.