മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം സിനിമയാവുകയാണ്. വിപ്ലവ ചരിത്രത്തിലെ പ്രധാന ഏടായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാതലമാക്കി വാരിയംകുന്നന്‍ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിഥ്വിരാജാണ് നായകനായെത്തുന്നത്.
കഴിഞ്ഞ ദിവസം സംവിധായകന്‍ ആഷിഖ് അബുവും പ്രിഥ്വിരാജും ഉള്‍പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സാമൂഹമാധ്യമം വഴി നടത്തിയിരുന്നു. ഇതിനു പിന്നാലെ പ്രിഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഈ സിനിമയില്‍ അഭിനയിക്കരുത്, പിന്മാറണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടക്കമുള്ള നിരവധി ആളുകള്‍ പ്രിഥ്വിക്കെതിരെ രംഗത്തെത്തി. താരത്തിന്റെ അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ള ആക്രമമാണ് നടക്കുന്നത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പ്രിഥ്വിരാജിനെയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമാണ് ഭൂരിഭാഗം കമന്റുകളും. വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പ്രിഥ്വിരാജിനും എതിരെ ഉയരുന്നത്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും പൃഥ്വിരാജിനെതിരെ രംഗത്ത് എത്തി.
എന്നാല്‍ വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന രണ്ടു സിനിമകള്‍ ഇന്നലെ മലയാളത്തില്‍ പ്രഖ്യാപിച്ചു. ആഷിഖ് അബു പ്രിഥ്വിരാജ് ടീമിന്റെ വാരിയംകുന്നനും പി.ടി കുഞ്ഞുമുഹമ്മദിന്റെ ഷഹീദ് വാരിയന്‍ കുന്നന്‍ എന്ന സിനിമയുമാണ് പ്രഖ്യാപിച്ചത്.
ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നന്‍. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരന്‍. സഹ സംവിധായകനായി മുഹ്‌സിന്‍ പരാരി. സമീറ സനീഷ് ആണ് കോസ്റ്റ്യൂം.