വാരാണസി: വാരാണസിയില്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്ക് കനത്ത തിരിച്ചടി. നഗരത്തിലെ സംപൂര്‍ണാനന്ദ് സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി പരാജയപ്പെട്ടു. ഇവിടെയുള്ള നാലു സീറ്റുകളും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ പിടിച്ചെടുത്തു.
ഒരു വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ എല്ലാം ജയിച്ചിരുന്നത് എ.ബി.വി.പിയാണ്. എന്‍.സ്.യുവിന്റെ ശിവം ശുക്ലാണ് പുതിയ പ്രസിഡണ്ട്. ചന്ദന്‍ മിശ്ര വൈസ് പ്രസിഡണ്ടും അവ്നിഷ് മിശ്ര ജനറല്‍ സെക്രട്ടറിയുമാകും. ലൈബ്രറി റപ്രസന്റേറ്റീവ് തസ്തികയിലേക്ക് രജനികാന്ത് ദുബെ തെരഞ്ഞെടുക്കപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനും ജെ.എന്‍.യുവിലെ ആക്രമണത്തിനുമെതിരെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയ വേളയിലാണ് സര്‍വകലാശാലാ യൂണിയന് എ.ബി.വി.പിക്ക് നഷ്ടപ്പെടുന്നത്.
അതേസമയം, വിദ്യാര്‍ത്ഥി യൂണിയനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അഭിനന്ദിച്ചു. രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലക്ക് 225 വര്‍ഷത്തെ പഴക്കമുണ്ട്. യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഇന്ത്യയിലുടനീളം ആയിരത്തിലേറെ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇതില്‍ ലക്ഷത്തിലേറെ പഠിതാക്കളുമുണ്ട്.