വനിതാ മതില്‍; ചെലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍

കെ.അനസ്
തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്‍കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍.
സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്‍ അധികാരദുര്‍വിനിയോഗമാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍, ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ വിവിധ വകുപ്പുകളില്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും ഒന്നിനും കൃത്യമായ മറുപടിയില്ല. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ധന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയെല്ലാം വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
വനിതാ മതിലിന് പണം അനുവദിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവുമായി ധനവകുപ്പിനെയാണ് ആദ്യം വിവരാവകാശപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിന് മറുപടി നല്‍കേണ്ടത് എന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച് മറുപടി നല്‍കി.
ഇതില്‍ വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പറയുന്നുണ്ട്. ജന്‍ഡര്‍ അവബോധ പരിപാടികള്‍ക്കായി നാളിതുവരെ 40,32, 878 രൂപ ചെലവിട്ടെന്ന വിവരവും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തമാക്കിയില്ല.
വനിതാ മതിലിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി വലിയ തുക തന്നെ സര്‍ക്കാര്‍ ചിലവഴിച്ചിരുന്നു. വിവിധ വകുപ്പുകള്‍ മുഖേന പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയ വലിയതോതില്‍ തന്നെ ഇക്കാലയളവില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇതിനാവശ്യമായ തുക സി.പി.എമ്മും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അവകാശവാദം.
വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് നല്‍കിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്, പ്രളയ ഫണ്ട് വകമാറ്റുന്നില്ലെന്നും വനിതാ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ വനിതാ വകുപ്പ് ചെലവിട്ട തുകയുടെ കണക്ക് വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതും നല്‍കിയില്ല.