മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തിനെതിരെ വനിതാ ലീഗ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിനെതിരെ വനിതാ ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ഭര്‍ത്താവിനെ ജയിലിലടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കും. വിവാഹത്തിലെ തര്‍ക്കം ഏതെങ്കിലും തരത്തില്‍ ഒത്ത് തീര്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും അവസാനിക്കുമെന്നും നൂര്‍ബിന റഷീദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നൂര്‍ബിന റഷീദിന് വേണ്ടി അഭിഭാഷകനായ സുള്‍ഫിക്കര്‍ അലി ആണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

SHARE