കോഴിക്കോട്: പൗരത്വ വിവേചന ഭേദഗതിക്കെതിരെ വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടത്തിയ കോഴിക്കോട് ആകാശവാണി മാര്‍ച്ച് ഉജ്വലമായി. നഗരത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ഹാള്‍, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ആകാശവാണി ഓഫീസ് പരിസരത്തേക്ക് ആയിരക്കണക്കിന് വനിതകളാണ് പ്രകടനമായെത്തിയത്. ദേശ്ഹമാരാ, ആസാദി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ മാര്‍ച്ചിനെ ആകാശവാണി കവാടത്തില്‍ പൊലീസ് തടഞ്ഞു. ഉദ്ഘാടന ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു, സംസ്ഥാന ഭാരവാഹികളായ ഷാഹിന നിയാസി, സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്്‌ലിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരം സമീപകാലത്ത് കണ്ട മികവുറ്റ വനിതാറാലിക്ക് ശേഷം നടന്ന ആകാശവാണി മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ പൗരന്മാര്‍ തീരുമാനിച്ചാല്‍ രാജ്യത്തു നിന്നു പുറത്തു പോവേണ്ടിവരിക മോദിയും അമിത്ഷായുമായിരിക്കുമെന്ന് എം.കെ മുനീര്‍ തുറന്നടിച്ചു. ആര്‍.എസ്.എസിന്റെയും ഗോള്‍വാക്കറുടെയും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയെ പിച്ചിച്ചീന്തുന്നവര്‍ക്കെതിരായ മുന്നേറ്റമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
മതേതരത്വമാണ് ഇന്ത്യയുടെ ആത്മാവ്. ഇക്കാര്യം ഉറക്കെ പ്രഖ്യാപിക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രബുദ്ധ സമൂഹത്തിന്റെ പ്രതിരോധവും പ്രക്ഷോഭവും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, സെക്രട്ടറിമാരായ സി.പി.എ അസീസ് മാസ്റ്റര്‍, റഷീദ് വെങ്ങളം, വനിതാലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍, സെക്രട്ടറി ജയന്തി രാജന്‍, സംസ്ഥാന ഭാരവാഹികളായ ശ്രീദേവി പ്രാകുന്ന്, ഷാഹിന നിയാസി, ആയിഷ താഹിറ, പി സഫിയ, ബീഗം സാബിറ, അഡ്വ.സാജിദ സിദ്ദീഖ്, സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ ആമിന ടീച്ചര്‍, ശറഫുന്നിസ ടീച്ചര്‍, നസീമ, സമീറ മുംതാസ്, ബുഷ്‌റ ശബീര്‍, ഷംല ഷൗക്കത്ത്, ശാഹിദ അലി, സാജിത ടീച്ചര്‍, അഡ്വ.നഫീസ, ഹസീന താജുദ്ദീന്‍, ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി സംസാരിച്ചു.