മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-പിന്നാക്ക രാഷ്ട്രീയം, തിരിച്ചടിയായത് കോൺഗ്രസിന്

മുംബൈ: കാവിതരംഗം ആഞ്ഞടിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-ബഹുജൻ രാഷ്ട്രീയ മുന്നേറ്റം. ഭരണഘടനാ ശിൽപി ഭീംറാവു അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ സ്ഥാപിച്ച വഞ്ചിത് ബഹുജൻ ആഘാഡി (വി.ബി.എ) 14 ശതമാനം വോട്ടാണ് പിടിച്ചത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച പ്രകാശ് അംബേദ്കറടക്കം എല്ലാ സ്ഥാനാർത്ഥികളും തോറ്റെങ്കിലും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയിൽ വി.ബി.എ നിർണായക സ്വാധീനം ഉറപ്പാക്കിക്കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിലും മത്സരിക്കുമെന്ന് വി.ബി.എ വ്യക്തമാക്കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 1994-ൽ ഭാരിപ ബഹുജൻ മഹാസംഘ് രൂപീകരിക്കുകയും അകോല മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തുകയും ചെയ്തിരുന്ന പ്രകാശ് അംബേദ്കർ, ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് വഞ്ചിത് ബഹുജൻ ആഘാഡി രൂപീകരിച്ചത്. മഹാരാഷ്ട്രയിലുടനീളം അംബേദ്കർ സംഘടിപ്പിച്ച റാലികളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വൻജനക്കൂട്ടം പങ്കെടുത്തത് ശ്രദ്ധേയമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.ബി.എയുമായി ധാരണയിലെത്താൻ കോൺഗ്രസ്-എൻ.സി.പി സഖ്യം ശ്രമം നടത്തിയെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. മുസ്ലിം, ധങ്കർ, കോലി, നാടോടി ഗോത്രങ്ങൾ, ഒബിസി, ചെറിയ ഒബിസി വിഭാഗം എന്നിവക്കായി രണ്ടുവീതം സീറ്റുകൾ (മൊത്തം പന്ത്രണ്ട് സീറ്റ്) വിട്ടുനൽകണം എന്നായിരുന്നു കോൺഗ്രസ്-എൻ.സി.പി സഖ്യത്തോട് പ്രകാശ് അംബേദ്കറിന്റെ ആവശ്യം. എന്നാൽ ആറിലധികം സീറ്റ് നൽകാനാവില്ലെന്ന് സഖ്യം വ്യക്തമാക്കിയതോടെ 48 സീറ്റിലും മത്സരിക്കാൻ വി.ബി.എ തീരുമാനിച്ചു.

അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യംചേർന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.ബി.എ മത്സരിച്ചത്. പ്രകാശ് അംബേദ്കർ മത്സരിച്ച രണ്ടിടങ്ങളിലടക്കം 47 മണ്ഡലങ്ങളിലും അവർ തോറ്റു. എന്നാൽ, സഖ്യം ചേർന്നു മത്സരിച്ച എ.ഐ.എം.ഐ.എമ്മിന്റെ ഇംതിയാസ് ജലീൽ ഔറംഗാബാദിൽ നിന്നു വിജയിച്ചു. 32.47 ശതമാനം വോട്ടേ കിട്ടിയുള്ളൂവെങ്കിലും ശിവസേനാ വിമതൻ 23 ശതമാനം വോട്ടുപിടിച്ചത് ഇംതിയാസ് ജലീലിന് അനുഗ്രഹമാവുകയായിരുന്നു.

വി.ബി.എയുടെ സാന്നിധ്യം നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് തിരിച്ചടിയായി. ബുൽധന, ഗഞ്ചിറോളി ചിമൂർ, ഹത്കനംഗലെ, നാന്ദെദ്, പാർഭനി, സങ്‌ലി, സോലാപൂർ, യവത്മൽ വാശിം മണ്ഡലങ്ങളിൽ സഖ്യത്തിന്റെ ബി.ജെ.പി-ശിവസേന സഖ്യത്തിന് വിജയമൊരുക്കിയത് വി.ബി.എ കോൺഗ്രസ്-എൻ.സി.പി വോട്ടുബാങ്കിൽ വീഴ്ത്തിയ വിള്ളലായിരുന്നു. പ്രകാശ് അംബേദ്കർ അകോലിയിൽ 25 ശതമാനവും സോലാപൂരിൽ 15 ശതമാനവും വോട്ടുപിടിച്ചു.

14 ശതമാനം വോട്ട് സ്വന്തമാക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. മുസ്ലിംകൾ പ്രതീക്ഷിച്ചതു പോലെ വി.ബി.എക്ക് വോട്ടുചെയ്യാതിരുന്നതാണ് പലയിടങ്ങളിലും തിരിച്ചടിയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് കരുതുന്നത്. കോൺഗ്രസിന് വേണമെങ്കിൽ തങ്ങളോടൊപ്പം ചേരാമെന്നും അങ്ങോട്ട് ചെന്ന് ചർച്ച നടത്താൻ താൽപര്യമില്ലെന്നും അംബേദ്കർ വ്യക്തമാക്കി.