വല്ലപ്പുഴ മാപ്പുനല്‍കി; വി.എച്ച്.എസില്‍ കെ.പി ശശികല തുടര്‍ന്നും പഠിപ്പിക്കും

വല്ലപ്പുഴ: വര്‍ഗീയ പ്രസംഗങ്ങളാല്‍ കുപ്രസിദ്ധി നേടിയ കെ.പി ശശികല വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടര്‍ന്നും പഠിപ്പിക്കും. ശശികലക്കെതിരെ സ്‌കൂളിലും പരിസരത്തും നടന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ വല്ലപ്പുഴയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുസ്ലിംകളോട് തനിക്കു വിരോധമില്ലെന്നും വല്ലപ്പുഴ സ്‌കൂളിനെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത് നല്ല അര്‍ത്ഥത്തിലാണെന്നും യോഗത്തില്‍ വിശദീകരിച്ച ശശികലക്ക് മാപ്പു നല്‍കാനും തുടര്‍ന്ന് പഠിപ്പിക്കാന്‍ അനുവദിക്കാനും സര്‍വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു.

വര്‍ഗീയ വിഷം തുപ്പുന്ന ശശികലെ വി.എച്ച്.എസില്‍ ടീച്ചറായി തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും ശക്തമായ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. മൂന്നു പതിറ്റാണ്ടോളം താന്‍ പഠിപ്പിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രയോഗത്തിനും പ്ലക്കാര്‍ഡുകള്‍ക്കും ഗോബാക്ക് വിളികള്‍ക്കും സാക്ഷിയാകേണ്ടി വന്നു ശശികല ‘ടീച്ചര്‍’ക്ക്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചതോടെ സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു.

വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശശികലക്കെതിരെ രംഗത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത മിക്ക രാഷ്ട്രീയ കക്ഷികളും ശശികല മാപ്പുപറയണമെന്ന നിലപാടിലാണ് ഉറച്ചുനിന്നത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത് എന്ന് ബി.ജെ.പി പ്രതിനിധികള്‍ ആരോപിച്ചു. യോഗത്തില്‍ വിശദീകരണം നല്‍കാനെത്തിയ ശശികലക്ക്, മൈക്കിനു മുന്നില്‍ കാണിക്കുന്ന വീറും വാശിയുമൊന്നുമുണ്ടായിരുന്നില്ല. സൗമ്യയായി അവര്‍ തന്റെ ഭാഗം വിശദീകരിച്ചു.

ശശികലയുടെ വിശദീകരണം സ്വീകാര്യമാണെന്ന് ജനകീയ പ്രതികരിണവേദിയും പ്രതികരിച്ചു. ക്ലാസ് ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇതോടെ അവസാനിച്ചു. ഇന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.

പ്രശ്‌നം ഏറെക്കുറെ രമ്യമായി പരിഹരിച്ചെങ്കിലും ശശികല ഇനി പരസ്യമായി വിദ്വേഷ പ്രചരണം നടത്തിയാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

 

 

SHARE