വാളയാര്‍ കേസ്;കൊലപാതകമെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയില്‍ എത്തിയില്ല. സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്റെ നിര്‍ദ്ദേശം തള്ളിയിരുന്നു.

ഇളയമകളുടേത് കൊലപാതകം എന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ മൊഴി കുറ്റപത്രത്തില്‍ എങ്ങുമില്ല. കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിച്ചതായും കുറ്റപത്രത്തില്‍ ഇല്ല. മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോള്‍ മധുവെന്ന ആള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല. പൊലീസിന് വാളയാര്‍ പ്രതികളുമായുള്ള ഒത്തുകളിയുടെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

SHARE