വളാഞ്ചേരി പോക്‌സോ കേസ്; ഷംസുദ്ദീന് മന്ത്രി ജലീലുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍

വളാഞ്ചേരി പോക്‌സോ കേസില്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധമെന്ന് പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. പ്രതി ഷംസുദ്ദീന്റെ സഹായികള്‍ നിരന്തരം തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. അനാവശ്യമായി പൊലീസിനെക്കൊണ്ട് ഭര്‍ത്താവിനെതിരെ കേസെടുപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.
ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ കാണാനോ സംസാരിക്കാനോ വീട്ടുകാരെ അനുവദിക്കുന്നില്ല.
കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
വളാഞ്ചേരി നഗരസഭ 32ാം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറായ ഷംസുദ്ദീന്‍ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷമായി ഷംസുദ്ദീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയിരുന്നു.