മോദിയുടെ പ്രസംഗത്തിനായി വാജ്‌പേയിയുടെ മരണം മറച്ചു വെച്ചെന്ന് ശിവസേന

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ. ബി വാജ്‌പേയിയുടെ നിര്യാണത്തില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യ ഘടക കക്ഷിയായ ശിവസേന. വാജ്‌പേയിയുടെ മരണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നീട്ടിവെച്ചെന്ന് ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റൗത്ത് ആരോപിച്ചു.

ഓഗസ്റ്റ് 12,13 തിയതികളില്‍ വാജ്‌പേയിയുടെ ആരോഗ്യനില അതീവ മോശമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിക്കാനും പതാക താഴ്ത്തി കെട്ടുന്നത് ഒഴിവാക്കാനും ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള മോദിയുടെ വിപുലമായ പ്രസംഗത്തിന് കോട്ടം തട്ടാതിരിക്കാനുമാണ് വാജ്‌പേയ്‌യുടെ മരണം 16 ന് ‘സംഭവിച്ച’തെന്നാണ് സഞ്ജയ് റൗത്ത് ആരോപിക്കുന്നത്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. മരണ വിവരം പുറത്തു വിടാന്‍ സ്വാതന്ത്ര്യദിനാഘോഷം കഴിയാന്‍ കാത്തിരുന്നതാണോ എന്ന സംശയമാണ് ശിവസേന പ്രകടിപ്പിക്കുന്നത്.