‘വാജ്‌പേയിയുടെ ഉപദേശം കേള്‍ക്കാത്തപ്പോള്‍ ഞങ്ങള്‍ക്കെങ്ങനെയത്‌ നല്‍കാന്‍ സാധിക്കും’; മോദി- വാജ്‌പേയ് ഭിന്നത ഓര്‍മ്മിപ്പിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപ വേളയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി വാജ്‌പേയി രാജധര്‍മ്മത്തെ കുറിച്ച് ഉപദേശം നല്‍കിയതിനെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ 2002 ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ഒരു വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയുടെ മോദിയെ മുന്‍നിര്‍ത്തി നടത്തിയ പരാമര്‍ശമാണ് കപില്‍ സിബല്‍ ഏറ്റെടുത്തിരിക്കുന്നത്. ‘രാജധര്‍മം നിറവേറ്റുക’ ഇതായിരുന്നു വാജ്‌പേയി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്.

മോദിയുടെ ഭരണത്തിന് കീഴില്‍ വീണ്ടും 2020ല്‍ രാജ്യ തലസ്ഥാനത്ത് കലാപം അരങ്ങേറിയ സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രി വാജ്‌പേയി നല്‍കിയ ഉപദേശം ബിജെപിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയത്.

‘ഗുജറാത്തില്‍ വാജ്‌പേയി നല്‍കിയ ഉപദേശം നിങ്ങള്‍ കേള്‍ക്കാത്തപ്പോള്‍ ഞങ്ങള്‍ക്കെങ്ങനെ ഉപദേശ പ്രസംഗ നടത്താന്‍ സാധിക്കും മന്ത്രീ..കേള്‍ക്കുക, പഠിക്കുക, ഭരണകര്‍ത്തവ്യം നിറവേറ്റുക എന്നിവയൊന്നും നിങ്ങളുടെ സര്‍ക്കാരിന് പറഞ്ഞല്ല’ സിബല്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് രാജധര്‍മം നിറവേറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കുമെതിരെ രംഗത്തെത്തുകയാണുണ്ടായത്. രാജധര്‍മത്തെ കുറിച്ച് കോണ്‍ഗ്രസ് ഉപദേശ പ്രസംഗം നടത്തരുതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കപില്‍ സിബലിന്റെ മറുപടി ട്വീറ്റ് വന്നിരിക്കുന്നത്.

ഗുജറാത്ത് കലാപ വേളയില്‍ മോദിയെ കുറ്റപ്പെടുത്തി വാജ്‌പേയി നടത്തിയ പരാമര്‍ശത്തെ മോദി ചിരിച്ചുതള്ളുകയാണുണ്ടായത്. അന്ന് ഗുജറാത്ത് ആഭ്യന്തരം കൈകാര്യം ചെയ്ത അമിത് ഷായാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും.