ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു; വരന്‍ മിമിക്രി ആര്‍ട്ടിസ്റ്റ്

കൊച്ചി: മലയാളികളുടെ പ്രിയഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാകുമാരിയുടെയും മകന്‍ എന്‍.അനൂപാണ് വരന്‍. മിമിക്രി ആര്‍ട്ടിസ്റ്റാണ് അനൂപ്. തിങ്കളാഴ്ച്ച രാവിലെ 10ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങും നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ അനൂപ് വിജയലക്ഷ്മിയെ മിന്നുചാര്‍ത്തും.

വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ജനശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി.

നേരത്തെ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന വിജയലക്ഷ്മി ധൈര്യപൂര്‍വം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷം സംഗീത പരിപാടികള്‍ക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി തുടര്‍ന്നാല്‍ മതിയെന്നുമുള്ള അന്ന് വിവാഹാഭ്യര്‍ത്ഥന നടത്തിയ വ്യക്തി ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് വിജയലക്ഷ്മി അറിയിക്കുകയായിരുന്നു. വിജയലക്ഷ്മിക്കു പിന്തുണയേകി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

SHARE