വടകരയില്‍ ജയം ഉറപ്പിച്ച് മുരളീധരന്‍; ബി.ജെ.പി വോട്ട് മറിച്ചെന്ന സി.പി.എം ആരോപണം പരാജയഭീതി മൂലം


വടകര: വടകരയില്‍ ജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. കൊലപാതകത്തിനെതിരായ ജനവികാരവും ന്യൂനപക്ഷങ്ങളുടെ ഏകീകരണവും തന്നെ തുണക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിലുള്ള സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ജനങ്ങള്‍ ശരിവെച്ചു. അതിനനുസരിച്ചാണ് ജനം സമ്മതിദാനം വിനിയോഗിച്ചത്. ബി.ജെ.പിയുടെ നിലപാട് പൊള്ളയാണെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ അതു വ്യക്തമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി വോട്ടു മറിച്ചു എന്ന സി.പി.എമ്മിന്റെ ആരോപണത്തില്‍ തന്നെയുണ്ട് അവരുടെ പരാജയ ഭീതിയെന്നും മുരളീധരന്‍ വ്യക്തമാക്കി.