രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ലോകസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ അനുകൂലിക്കുന്നതായി വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗേന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ എം.പി വി. വിജയ്‌സായ് റെഡ്ഡിയാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കുന്നതായി വ്യക്തമാക്കിയത്. ബില്‍ രാജ്യസഭ അംഗീകരിച്ചാല്‍ അതേ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണെന്ന് വ്യക്തമാക്കിയാണ് പിന്തുണ.

അമിത് ഷാ അവതിരിപ്പിച്ച പൗരത്വ ബില്ലിനെതിരെ സഭയില്‍ ശിവസേനയടക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പ് നിലില്‍ക്കെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ. നിലവിലുള്ള സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വേണ്ട ഭൂരിപക്ഷം ഭരണപക്ഷത്തിന് ഇല്ലെന്നിരിക്കെയാണ് ചെറുപാര്‍ട്ടികളുടെ പിന്തുണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

241 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിയുടെ 83 സീറ്റടക്കം എന്‍ഡിഎയ്ക്ക് നിലവില്‍ 105 അംഗങ്ങളുടെ വോട്ട് ലഭിക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 2 സീറ്റുകളാണുള്ളത്. ഇത് കൂടാതെ എഐഎഡിഎംകെ.11, ബിജെഡി.7, ടിഡിപി 2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ പിന്തുണ കൂടി ബില്ലിനനുകൂലമാകാനാണ് സാധ്യത. അതായത് 127 പേരുടെയെങ്കിലും പിന്തുണ ബില്ലിന് ലഭിക്കും.

അതേസമയം സാഹചര്യം എന്ത് തന്നെയായാലും ബില്ല് രാജ്യസഭയില്‍ പാസാകാതിരി്ക്കാന്‍ എല്ലാ ശ്രമവും നടത്താനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തിരുമാനം. ഇതിനായി ചെറുകക്ഷികളുമായി ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ശിവസേനയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്.

പൗരത്വ ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്ത ശിവസേന, ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും അനുകൂലിക്കുന്നവരെ ദേശ സ്‌നേഹികളെന്നുമാണ് വിളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ബില്ലിനെതിരെ സംസാരിക്കുന്നവര്‍ പാകിസ്താനെ അനുകൂലിക്കുന്നവരെന്ന് വിളിക്കുന്നവര്‍ക്ക് ഇത് ഇന്ത്യയുടെ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണമെന്നും ശിവസേന നേതാവ് എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

എന്നാല്‍ ബില്ലിനെ എതിര്‍ക്കുന്ന യു.പി.എക്ക് രാജ്യസഭയില്‍ ആകെയുള്ളത് 63 അംഗങ്ങള്‍. അവ തരം തിരിച്ചാല്‍:
കോണ്‍ഗ്രസ്-46, ആര്‍.ജെ.ഡി-04, എന്‍.സി.പി-04, ഡി.എം.കെ-05, ജെ.ഡി.എസ്-01, മറ്റുള്ളവര്‍-03 (ആകെ 63). ഇനി ഇത് രണ്ടിലും പെടാത്ത ബില്ലിനെ എതിര്‍ക്കുന്ന മറ്റുള്ളവര്‍:
തൃണമൂല്‍13, എസ്.പി-09, ഇടതു പാര്‍ട്ടികള്‍-06, ബി.എസ്.പി-04, എ.എ.പി-03, പി.ഡി.പി-02 (ആകെ 39 പേര്‍ യു.പി.എയെ അനുകൂലിക്കുന്നവര്‍). അതേസമയം 121 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി ഭവനിലേക്ക് അയക്കാം.