കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നു.

പരിസ്ഥിതിയെ പാടെതകര്‍ക്കുന്നതും ജനങ്ങള്‍ക്ക് ദ്രോഹകരവുമായ അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന് ജനതാല്‍പര്യമല്ലെന്നും മറിച്ച് സര്‍ക്കാരിലെ നിര്‍മ്മാണലോബിയുടെയും കോണ്‍ട്രാക്ടര്‍മാരുടെയും താല്‍പര്യം സംരക്ഷിക്കാനാണെന്നും സുധീരന്‍ ആരോപിച്ചു. പ്രകൃതിയെ തകര്‍ക്കുന്നതുമായ ഈ ജനദ്രോഹ പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സുധീരന്റെ കത്തിന്റെ പൂര്‍ണ രൂപം

10.06.2020
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നു. മാറിമാറിവന്ന സര്‍ക്കാരുകളുടെകാലത്ത് ഈ പദ്ധതിയ്ക്കായി ശ്രമങ്ങള്‍ നടന്നെങ്കിലും ശക്തമായ ജനപ്രതിക്ഷേധത്തെത്തുടര്‍ന്ന് അതില്‍നിന്നെല്ലാം പിന്നോട്ടുപോകുകയാണുണ്ടായത്. മഹാപ്രളയത്തില്‍നിന്നും പിന്നീടുണ്ടായ അതിഗുരുതരമായ പ്രകൃതി ദുരന്തങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാരിസ്ഥിതിക സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞ് പരിസ്ഥിതിയെ പാടെതകര്‍ക്കുന്നതും ജനങ്ങള്‍ക്ക് ദ്രോഹകരവുമായ അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന് യാതൊരുന്യായീകരണവുമില്ല. ജനതാല്‍പര്യമല്ല; മറിച്ച് സര്‍ക്കാരിലെ നിര്‍മ്മാണലോബിയുടെയും കോണ്‍ട്രാക്ടര്‍മാരുടെയും താല്‍പര്യം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നത് വ്യക്തമാണ്.
മഹാവിപത്തായ കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്.
ശാസ്ത്രീയ-സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ പഠനങ്ങളിലും വിലയിരുത്തലുകളിലും പ്രയോജനരഹിതവും അപ്രസക്തവുമാണെന്ന് തെളിഞ്ഞിട്ടുള്ള അതിരപ്പള്ളി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
അതിരപ്പള്ളി പദ്ധിതിയ്‌ക്കെതിരെ ആധികാരികമായി ഉയര്‍ന്നുവന്നിട്ടുള്ളത് പ്രധാനമായും താഴെപറയുന്ന കാരണങ്ങളാണ്.

 1. ഈ പദ്ധതിയ്ക്ക് ആവശ്യമായ ജലലഭ്യത ഇല്ല.
 2. പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ല.
 3. വൈദ്യുതി ഉല്പാദനചെലവ് കണക്കാക്കിയതിലും വളരെകൂടുതലാകും.
 4. ചാലക്കുടി കീഴ്‌നദീതടങ്ങളിലെ കുടിവെള്ളം-ജലസേചനആവശ്യങ്ങളെ ദോഷകരമായി ബാധിക്കും.
 5. ഈ മേഖലയിലെ 14,000 ഹെക്ടര്‍ ജലസേചനസൗകര്യം ഇല്ലാതാക്കും.
 6. 20-ല്‍പരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ കുടിവെള്ളലഭ്യത കുറയ്ക്കും.
 7. അതിരപ്പള്ളി പദ്ധതിവരുന്നതോടെ നിര്‍ത്തലാക്കപ്പെടുന്ന ഇടമലയാര്‍ ആഗ്മെന്റേഷന്‍ സ്‌കീമില്‍നിന്നും ഇപ്പോള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നഷ്ടപ്പെടും.
 8. പെരിയാറിലെ ജലലഭ്യത കുറയും.
 9. ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
 10. അപൂര്‍വ്വ ജീവജാലങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാകും.
 11. ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അതിരപ്പള്ളി-വാഴച്ചാല്‍ ജലപാതങ്ങളിലേയ്ക്കുള്ള നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാകും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും.
 12. സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തി നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബദല്‍ ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സൗരോര്‍ജ്ജത്തിന്റെ അനന്തസാധ്യതകളെ പൂര്‍ണ്ണമായും പ്രയോജന പ്പെടുത്തണം.
  ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേവലം പാഴ്‌ചെലവിന് ഇടവരുത്തുന്നതും പ്രകൃതിയെ തകര്‍ക്കുന്നതുമായ ഈ ജനദ്രോഹ പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതിയും ബന്ധപ്പെട്ട എന്‍.ഒ.സി.യും റദ്ദാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
  സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. എം.എം. മണി, ബഹു. വൈദ്യുതിവകുപ്പുമന്ത്രി.
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു. റവന്യൂവകുപ്പുമന്ത്രി
ഡോ. തോമസ് ഐസക്, ബഹു.ധനകാര്യവകുപ്പുമന്ത്രി
ശ്രീ. എ.സി. മൊയ്തീന്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി
ശ്രീ. കെ. കൃഷ്ണന്‍കുട്ടി ബഹു. ജലവിഭവ വകുപ്പ്മന്ത്രി
ശ്രീ. വി.എസ്. സുനില്‍കുമാര്‍ ബഹു. കൃഷിവകുപ്പുമന്ത്രി
ശ്രീ. സി. രവീന്ദ്രനാഥ്, ബഹു. വിദ്യാഭ്യാസവകുപ്പുമന്ത്രി.
ശ്രീ. രമേശ് ചെന്നിത്തല ബഹു. പ്രതിപക്ഷനേതാവ്