എബി ജെ. ജോസ്
ഉഴവൂര്‍ വിജയന്. കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രഭാഷകന്‍. നര്‍മ്മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന അസാധാരണ പ്രതിഭ. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറെ സ്വീകാര്യനായിരുന്നു വിജയന്. ‘ക്രൗഡ് പുള്ള’റായ ഉഴവൂരിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വേദികളില്‍ എല്ലാ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കും ആവശ്യമായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ നര്‍മ്മത്തിലൂടെ ‘ആക്രമി’ക്കുമ്പോഴും വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഒരു കാലത്ത് രാഷ്ടീയ സഹ പ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ ‘നര്‍മ്മ’ത്തിനിരയായിട്ടുണ്ട്.
രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ താല്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്. പ്രായോഗിക രാഷ്ട്രീയത്തേക്കാളുപരി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിലും ഉന്നതിയില്‍ ഇതിനു മുമ്പേ വിജയന് എത്തുമായിരുന്നു. ദേഷ്യപ്പെട്ട് അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല. ദേഷ്യം വന്നാല്‍ പിണക്കം നടിക്കാന്‍ മാത്രമേ അദ്ദേഹത്തിനറിയൂ. താന്‍ കഴിച്ചില്ലെങ്കിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണം യഥേഷ്ടം വാങ്ങി നല്കാന് വിജയന് ഒരിക്കലും മടി കാട്ടിയിട്ടില്ല. ഉഴവൂര്‍ വിജയന് എനിക്ക് കേവലം ഒരു സുഹൃത്ത് മാത്രമായിരുന്നില്ല. ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. സ്നേഹപൂര്‍വം ഞങ്ങളൊക്കെ അദ്ദേഹത്തെ ഉഴവൂര്‍ജി എന്നായിരുന്നു വിളിച്ചിരുന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കു പോകും മുമ്പ് പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചു പറയുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുമായിരുന്നു. ഉഴവൂര്‍ജി കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. അക്കാലത്ത് അദ്ദേഹത്തിനു പത്രവാര്‍ത്തകള്‍ തയ്യാറാക്കി നല്കാന് എന്നെ ചുമതല ഏല്‍പ്പിച്ചിരുന്നു. ഒരിക്കല്‍ ഒരു പത്രാധിപരെ വിളിച്ചു. പാര്‍ട്ടിയുടെ പേരില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ സ്ഥിരം വരാത്തതിനെത്തുടര്‍ന്നായിരുന്നു അത്. ഉമ്മന്‍ ചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന ‘ഉ’ വില്‍ മിച്ചം വരുന്ന ഒരു ‘ഉ’ ഉഴവൂരിനു തരുമോ എന്നു നര്‍മ്മത്തില്‍ ചോദിച്ചു. പിറ്റേന്നു മുതല്‍ ഉഴവൂരിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നു തുടങ്ങി. അദ്ദേഹം 2001 ല്‍ പാലായില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പബ്ളിസിറ്റി കണ്‍വീനറായിരുന്നു ഞാന്‍. പിന്നീട് പാലായില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് മരണം ബെന്‍സ് (കെ.എം.മാണി) ഇടിച്ചായിരുന്നു എന്നാണ്. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഉഴവൂരിന്റേത്.
കെ.ആര്. നാരായണന് രാഷ്ട്രപതിയായതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹവുമായുള്ള ആത്മബന്ധം ദൃഢമാക്കിയത്. ഉഴവൂര്‍ജിയുടെ നേതൃത്വത്തില്‍ കെ.ആര്.നാരായണന്റെ സ്ഥാനലബ്ദിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികള്‍ ഞങ്ങള്‍ പാലായിലും കുറിച്ചിത്താനത്തും ഉഴവൂരിലും സംഘടിപ്പിച്ചു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട കെ.ആര്.നാരായണന് ഞങ്ങളെ രാഷട്രപതി ഭവനിലേക്ക് ക്ഷണിച്ചു. നേരത്തെ മുതല്‍ ഉഴവൂര്‍ജിക്കു കെ.ആര്. നാരായണനുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നാട്ടില്‍ നടത്തിയ ചടങ്ങുകളുടെ ആല്‍ബവും സി ഡി യും സമ്മാനിച്ചപ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. പലപ്പോഴും കെ.ആര്. നാരായണന് രാഷ്ട്രപതി ഭവനില്‍ നിന്നും ഉഴവൂര്‍ജിയെ നേരിട്ടു ഫോണില്‍ വിളിക്കുമായിരുന്നു.
ഒരു തെരഞ്ഞെടുപ്പ് കാലം. തൊടുപുഴയില്‍ പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്‍ വിജയന്. നെല്ലാപ്പാറ വളവില്‍ വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞപ്പോള്‍ വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ പുലര്‍ച്ചെ അഡ്മിറ്റ് ചെയ്തു. അപകടവിവരം ഞാന്‍ രാഷ്ട്രപതിഭവനില്‍ ഇതിനോടകം അറിയിച്ചിരുന്നു. വിവരമറിഞ്ഞ കെ.ആര്.നാരായണന് കോട്ടയം ജില്ലാ കളക്ടറായിരുന്ന സത്യജിത് രാജനെ വിവരം തിരക്കാന്‍ ആശുപത്രിയിലേക്ക് അയക്കുകയുണ്ടായി. അപകടവിവരം അറിഞ്ഞില്ലെന്നു വിജയനോട് പറഞ്ഞ കളക്ടര്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി വിജയന് കൊടുത്തു. ‘ഇനി വിവരമറിയിച്ചിട്ട് അപകടത്തില്‍പ്പെടാന്‍ പറ്റുമോയെന്നു നോക്കാ’മെന്നായിരുന്നു അത്. പിന്നീട് കെ.ആര്. നാരായണന് നാട്ടില്‍ വന്നപ്പോള്‍ തലയിലുണ്ടായ പരിക്ക് പരിശോധിച്ചതിനു ഞാന്‍ ദൃക്സാക്ഷിയാണ്.
കെ.ആര്. നാരായണന് രാഷ്ട്രപതി സ്ഥാനമൊഴിയും മുമ്പ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. അന്ന് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. കുടുംബസുഹൃത്തിനോടുള്ള സ്നേഹമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നു കെ.ആര്.നാരായണന് അന്നു പറഞ്ഞിരുന്നു. കെ.ആര്.നാരായണന്റെ മരണശേഷം കെ.ആര്.നാരായണന് ഫൗണ്ടേഷന് രൂപീകരിച്ചപ്പോള്‍ ഉഴവൂര്‍ വിജയന് അതിന്റെ ചെയര്‍മാനായി. എ.പി.ജെ. അബ്ദുള്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രണാബ് മുഖര്‍ജി തുടങ്ങിയവരെ ഒക്കെ ഫൗണ്ടേഷന്റെ പരിപാടികളില്‍ ഭാഗമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കെ.ആര്.നാരായണനെക്കുറിച്ച് ഉഴവൂര്‍ വിജയന് അവതരിപ്പിക്കുന്ന ‘ഉഴവൂരിന്റെ പുത്രന്’ എന്ന പേരില്‍ ജിമ്മി ബാലരാമപുരം സംവീധാനം ചെയ്ത ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അത് പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേല്‍ക്കുന്ന നാളെ വൈകിട്ട് 8.30ന് ദൂരദര്ശന് ചാനല്‍ സംപ്രേക്ഷണം ചെയ്യും.