ബുദ്ധിയില്ലെന്ന് കരുതരുത്; നിങ്ങള്‍ പറയുന്നത് കേട്ട് കരയാന്‍ വേണ്ടിയല്ല ഞാന്‍ വന്നിരിക്കുന്നത് വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മിള

ന്യൂഡല്‍ഹി: തന്നെ പരിഹസിക്കുന്നവരെയും ട്രോളുന്നവരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസിന്റെ മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഡോദ്ക്കര്‍. മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റിലാണ് വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മിളയുടെ പ്രതികരണമുണ്ടായത്.
താനിവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍. ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് തനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ഊര്‍മ്മിള പറഞ്ഞു. മോദി സര്‍ക്കാരിനെതിരെയും ഊര്‍മിള രൂക്ഷവിമര്‍ശനമാണ് നടത്തിയത്. നല്ല ഭാവി ആഗ്രഹിക്കുന്ന യുവാക്കള്‍ ഒരുമിക്കണമെന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ് ഇതെന്നും ഊര്‍മിള പറഞ്ഞു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തന്നെ രാഷ്ട്രീയമായി ആക്രമിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ജയപ്രദയുടെ കരച്ചില്‍.
പാട്യാദാര്‍ നേതാവ് ഹര്‍ദിക് പട്ടേലും ചടങ്ങിലുണ്ടായിയിരുന്നു. 2014 ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ യുവാക്കള്‍ ആഹ്ലാദിച്ചെന്നും എന്നാല്‍ അവര്‍ വഞ്ചിക്കപ്പെട്ടെന്നു ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

SHARE