മഹാരാഷ്ട്ര ഗവര്‍ണര്‍ ചെയ്തത് നിയമവിരുദ്ധ നടപടിയെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മുന്‍ ബിജെപി മുഖ്യമന്ത്രിയായ ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി സത്യസന്ധമല്ലാത്തതും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന അധികാര തിരിമറിക്കെതിരെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഫഡ്‌നാവിസിലും അജിത് പവാറിലും സത്യപ്രതിജ്ഞ ചെയ്തത് മഹാരാഷ്ട്ര ഗവര്‍ണറെ സംബന്ധിച്ചിടത്തോളം തികച്ചും സത്യസന്ധമല്ലാത്തതും നിയമവിരുദ്ധവുമായ നടപിടിയാണ്. വ്യക്തമായ ഭൂരിപക്ഷമുള്ള ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരു സഖ്യ സര്‍ക്കാരിനായി സമ്മതിച്ചിട്ടുണ്ടെന്ന് വ്യക്തമായിരിക്കെ എന്‍സിപിയുടെ ഔദ്യോഗിക പിന്തുണയില്ലാതെ ഈ ‘അട്ടിമറി’ അസംബന്ധമാണ്, പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വിവാദ നടപടിയില്‍ എന്‍സിപി നിയമസഭാ പാര്‍ട്ടി നേതാവ് കൂടിയായ അജിത്ത് പവാറിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പാര്‍ട്ടി.
പാര്‍ട്ടി ലൈനിനെതിരെ ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത്തിന്റെ തീരുമാനത്തില്‍ നടപടിയുണ്ടാവുമെന്നും പുതിയ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

ഇന്ന് അതിരാവിലെ തന്നെ നടന്ന സംഭവത്തേക്കാള്‍ ലജ്ജാകരമായ മറ്റൊന്നില്ലെന്നും മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതൊരു കറുത്ത കുത്തായി നിലനില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലും പ്രതികരിച്ചു. എവിടെയോ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഇതിനെതിരെ നിയമ നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് നാടകീയമായി മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. അതിരാവിലെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടായത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചതായി കാണിച്ചതില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
ഇന്നലെ നടന്ന യോഗത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.