ജനത കര്‍ഫ്യൂവിനിടെ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ജില്ലാ മജിസ്ട്രേറ്റും എസ്പിയും ജനങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഘോഷയാത്ര നടത്തിയതായി ആരോപണം. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരോട് നന്ദി അറിയിക്കാനായിരുന്നു ഘോഷയാത്ര നടത്തിയത്.
ആള്‍ക്കൂട്ടം പാടില്ലെന്നും സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ക്കിടെയാണ് അധികൃതര്‍ തന്നെ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തതായി ആരോപണമുയര്‍ന്നരിക്കുന്നത്. എസ്.പി.അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ് ജാഥക്ക് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് പിന്നിലും മുന്നിലുമായ നിരവധി ആളുകള്‍ പാത്രങ്ങള്‍കൊട്ടിയും മറ്റുമായി അണിനിരന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിക്കൂട്ടിലായ പിലിഭിത്ത് പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ‘ജില്ലാ മജിസ്ട്രേറ്റും എസ്പിയും കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ല. ചില ആളുകള്‍ തെരുവകളിലെ വീടുകളില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നെന്നും പൊലീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു.