ഇവിടെ കവ്വാലി വേണ്ട!; പ്രശസ്ത കഥക് നര്‍ത്തകിയെ നൃത്താവതരണത്തിനിടെ മടക്കിയയച്ച് യുപി സര്‍ക്കാര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സൂഫി സംഗീത പരിപാടികയായ കവ്വാലിക്ക് അയിത്തം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. സൂഫി ഖവാലി അവതരണത്തിനിടെ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ നൃത്തം പാതിവഴിയില്‍ നിര്‍ത്തിച്ചത് വിവാദമാവുകയാണ്.
വ്യാഴാഴ്ച വൈകിട്ടു നടന്ന തന്റെ നൃത്ത പരിപാടിയില്‍ സൂഫി സംഗീത രൂപമായ ‘കവ്വാലി’ ഉപയോഗിച്ചതിന്റെ പേരില്‍ നൃത്തം ഉദ്യോഗസ്ഥര്‍ അവസാനിപ്പിച്ചെ മഞ്ജരി ചതുര്‍വേദി ആരോപിച്ചു. യുപി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കവ്വാലി അവതരിപ്പിച്ചതിന്റെ പേരില്‍ ഉദ്യോസ്ഥര്‍ മ്യൂസിക് ഓഫ് ചെയ്തത്.

നൃത്തം നടക്കുന്നതിനിടെ പാട്ട് ഓഫ് ചെയ്തതോടെ കാര്യം തിരക്കിയപ്പോള്‍ ഖവാലി ഉപയോഗിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതെന്ന് മഞ്ജരി പറഞ്ഞു. നൃത്തം മുടക്കിയത് തന്റെ മനസില്‍ വേദനയോടെ മായാതെ നില്‍ക്കും. രണ്ട് പതിറ്റാണ്ടിലെ നൃത്ത ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണിതെന്നും മഞ്ജരി പറഞ്ഞു.

സാങ്കേതിക പ്രശ്‌നമായിരിക്കുമെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പെട്ടെന്ന് തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗണ്‍സ് ചെയ്യുകയുമായിരുന്നുവെന്ന് മഞ്ജരി പറഞ്ഞു. സിഡ്‌നിയിലെ ഒപ്പേറ ഹൗസ് അടക്കം 22 രാജ്യങ്ങളിലായി 300ല്‍ അധികം വേദികളില്‍ നൃത്തം അവതരിപ്പിച്ച കലാകാരിയാണ് മഞ്ജരി. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സമ്മേളനത്തിനു വേണ്ടി യുപി നിയമസഭാ സ്പീക്കര്‍ നടത്തിയ അത്താഴവിരുന്നിലാണ് സംഭവം.

അതേസമയം സംഭവം വിവാദമായതോടെ മറ്റൊരു പരിപാടിയില്‍ ഖവാലി അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചതായാണ് വിവരം.

ആരോപണങ്ങള്‍ നിഷേധിച്ചസര്‍ക്കാര്‍ വക്താവ് സംഭവ ദിവസം കനത്ത മഴയുണ്ടായിരുന്നെന്നും പ്രതിനിധികളെല്ലാം വൈകിയെത്തിയതിനാല്‍ പരിപാടിയുടെ സമയം വെട്ടിക്കുറക്കുകയായിരുന്നും പറഞ്ഞു. എന്നാല്‍ മഞ്ജരി ചതുര്‍വേദിയുടെ നൃത്തം പാതിയില്‍ നിര്‍ത്തിച്ചെതെന്തിനെന്ന ചോദ്യത്തിന് നര്‍ത്തകിക്ക് പോലും വിശദീകരണം ലഭിച്ചിട്ടില്ല.

അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഖവാലി അവതരിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായി ചതുര്‍വേദി പിന്നീട് അറിയിച്ചു. ജനുവരി 27 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുമെന്നാണ് വിവരം.

SHARE