സന്യാസിയുടെ ശ്രമങ്ങളെ തടയുന്നവര്‍ ശിക്ഷിക്കപ്പെടും; ഭീഷണിയുമായി ആദിത്യനാഥ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദിത്യനാഥിന്റെ നടപടികളെ കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആദിത്യനാഥിന്റെ ഭീഷണി. ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്ക് സേവന മനോഭാവമുണ്ടാകില്ലെന്നും യോഗി പ്രതികരിച്ചു.

‘പൊതുജന സേവനത്തിനായുള്ള ഒരു സന്യാസിയുടെ നിരന്തര പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവരാരോ അവര്‍ ശിക്ഷിക്കപ്പെടും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കോ, ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ക്കോ സേവനത്തിന്റെ അര്‍ഥം മനസ്സിലാകില്ല.’ ആദിത്യനാഥ് പറഞ്ഞു.

പ്രിയങ്കയ്ക്കുള്ള മറുപടിയിലൂടെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ആദിത്യനാഥെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കി എന്ന യോഗിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു.ഇതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധി യോഗി ആദ്യത്യ നാഥിനെ രൂക്ഷമായി വിമര്‍ശിച്ചത്. യോഗി ആദിത്യ നാഥിന് കാവി ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നല്‍കുകയാണ്. ഇന്ത്യയുടെ ധാര്‍മിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

SHARE