കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതക്കേസില്‍ സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. സൂരജിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും കൊലപാതകത്തില്‍ ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുക. അമ്മയോടും സഹോദരിയോടും ക്രൈംബ്രാഞ്ച്് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനനിരോധന നിയമപ്രകാരം സൂരജിന്റെ അച്ഛനെതിരെ കേസെടുത്തേക്കും.
ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ മൊഴി ലഭിക്കുന്നത്. തന്റെ പിതാവിന് എല്ലാം അറിയാമെന്നാണ് സൂരജ് നേരത്തെ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ ഇന്നലെ മുഴുവന്‍ ചോദ്യം ചെയ്തു. കൃത്യത്തില്‍ സുരേന്ദ്രനു പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതിനിടെ, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 38 പവന് വരുന്ന ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സ്വര്‍ണം കാണിച്ചുകൊടുത്തത് സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ്. സ്വര്‍ണം കുഴിച്ചിട്ടതില് അമ്മയ്ക്കും പങ്കുണ്ടെന്നാണ് സൂചന. സൂരജും കുടുംബാംഗങ്ങളും ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം എടുത്തിരുന്നതായി പൊലീസ് പറയുന്നു. ബാങ്ക് ലോക്കറില്‍ എത്ര സ്വര്‍ണം ബാക്കിയുണ്ടെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛന് മൊഴി നല്‍കിയിട്ടുണ്ട്.
ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണം കുഴിച്ചിട്ടതില് അടക്കം എല്ലാ കാര്യങ്ങളിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നേരത്തെ, ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വര്‍ണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടര്‍ന്നാല്‍ മാതാപിതാക്കള്‍ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു. ഉത്രയെ കൊണ്ടുപോയാല്‍ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താന്‍ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്.