കൊട്ടാരക്കര: ഉത്ര വധത്തില്‍ സൂരജിനെയും കുടുംബാംഗങ്ങളെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ സാന്നിദ്ധ്യത്തില്‍ കൊലപാതകം പുനഃചിത്രീകരിച്ചു. രാവിലെ പത്തരയ്ക്ക് കൊണ്ടു വന്ന പ്രതിയെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തിരിച്ചു കൊണ്ടു പോയത്.
സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവര്‍ തെളിവെടുപ്പ് വേളയില്‍ വീട്ടിലുണ്ടായിരന്നു. ക്രൈംബ്രാഞ്ച് ഓഫീസിലും വീട്ടിലുമായി പതിനേഴര മണിക്കൂറാണ് ക്രൈംബ്രാഞ്ച് സൂരജിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തത്.
സൂരജ് സ്വര്‍ണ്ണം വിറ്റ അടൂരിലെ ജ്വല്ലറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. ഉത്രയുടെ നൂറോളം പവന് വരുന്ന സ്വര്‍ണത്തില്‍ നിന്ന് 15 പവനാണ് ഇവിടെ വിറ്റത്. ധൂര്‍ത്തിനും മദ്യപാനത്തിനുമാണ് ഈ പണം ചെലവഴിച്ചത്.
അടൂരിലെ ബാറില്‍ നിന്ന് ആഴ്ച തോറും രണ്ടായിരം രൂപയുടെ മദ്യമാണ് വാങ്ങിയിരുന്നത് എന്ന് സൂരജ് പറഞ്ഞു. സ്വന്തം ആവശ്യങ്ങള്‍ക്കായാണ് സ്വര്‍ണം വിറ്റത് എന്നാണ് മൊഴി.
പൊലീസിന്റെ വലയിലാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ കൈവശമുണ്ടായിരുന്ന സ്വര്‍ണം പിതൃസഹോദരിക്ക് കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം സൂക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിടാന്‍ തീരുമാനിച്ചത്. 38.5 പവനാണ് തോട്ടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.
ഉത്രയുടെ സ്വര്‍ണം ഏറെക്കുറെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ആയിട്ടുണ്ട്. കുറച്ചു സ്വര്‍ണം ബാങ്ക് ലോക്കറിലാണ് ഉള്ളത്. ചിലത് പണയത്തിലും. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാിക്കുന്ന സാഹചര്യത്തില്‍ സൂരജിനെ നാളെ കോടതിയില്‍ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നല്കിയ സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് വനംവകുപ്പ് നാളെ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.