സൂരജ് മൂര്‍ഖനെ കൊണ്ടുവന്നത് വിവാഹ സമ്മാനമായി കിട്ടിയ ബെലേനോ കാറില്‍

കൊല്ലം: ഉത്രയെ കൊല്ലാന്‍ സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു വന്നത് വിവാഹ സമ്മാനമായി ഭാര്യവീട്ടുകാര്‍ നല്‍കിയ ബെലേനോ കാറില്‍. മെയ് ആറിനു രാത്രിയാണ് ചുവന്ന ബൊലേനോയില്‍ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്. ഏഴാം തിയ്യതി രാവിലെ ഇതേ കാറില്‍ തന്നെയാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയതും.

നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ആണ് ഈ കാറുള്ളത്. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം. കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ധര്‍ കാറില്‍ പരിശോധിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധ ഷഫീക്കയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ നിന്ന് സൂരജിന്റെ ഡ്രൈവിങ് ലൈസന്‍സ്, കാറിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് പേപ്പര്‍ എന്നിവ കണ്ടെടുത്തു.

വിവാഹ നിശ്ചയത്തിന് ശേഷം അള്‍ട്ടോ കാര്‍ വാങ്ങി നല്‍കാമെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ സൂരജിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന് സൂരജ് വാശിപിടിക്കുകയായിരുന്നു. ഉത്രയക്ക് ഡ്രൈവിംഗ് അറിയാത്തതിനാല്‍ സൂരജ് തന്നെയാണ് വാഹനം ഉപയോഗിച്ചിരുന്നത്.

ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വേളില്‍ കാറോടിക്കാന്‍ തനിക്കാകില്ലെന്നു പറഞ്ഞ് സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് ഉത്രയുടെ സഹോദരന്‍ വിഷുവാണ് വാഹനം ഓടിച്ചത്. പാമ്പ് കടിയേറ്റ് കട്ടില്‍ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഉത്രയ്ക്ക് നല്‍കിയ ടാബ്‌ലറ്റിന്റെ സ്ട്രിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പത്ത് ടാബ് ലറ്റിന്റെ സ്ട്രിപ്പില്‍ എട്ടെണ്ണം ഉപയോഗിച്ച നിലയിലാണ്. ഈ ടാബ്‌ലെറ്റ് വാങ്ങിയ മെഡിക്കല്‍ സ്റ്റോറിലും പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അടൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇതുവാങ്ങിയിരുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുമ്പ് ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് സമ്മതിച്ചിരുന്നു.

SHARE