ഉത്ര കൊലപാതകം: മൂര്‍ഖനെ വാങ്ങിയത് പതിനായിരം രൂപയ്ക്ക്- തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍

കൊല്ലം: ഉത്രയുടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത് പതിനായിരം രൂപയ്ക്ക്. കല്ലുവാതുക്കല്‍ സ്വദേശിയില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ വച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണ് എന്ന് പറഞ്ഞാണ് പാമ്പുപിടിത്തക്കാരനായ ഇയാളോട് സൂരജ് പറഞ്ഞിരുന്നത്. സൂരജിനെയും ഇയാളെയും പൊലീസ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.

അതിനിടെ, സംഭവത്തില്‍ സൂരജിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് കുപ്പി വീടിന് അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കുപ്പി ഫോറന്‍സിക് സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അടൂരില്‍ സൂരജിന്റെ വീട്ടിലെത്തിയും പൊലീസ് തെളിവെടുക്കും.

നാടകീയ രംഗങ്ങളാണ് തെളിവെടുപ്പിനിടെ ഉത്രയുടെ വീട്ടിലുണ്ടായത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ വിളിച്ചുപറഞ്ഞിരുന്നു.

മെയ് ഏഴിന് പുലര്‍ച്ചെയാണ് ഉത്ര കൊല്ലം അഞ്ചലിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പു കടിയേറ്റു മരിച്ചത്. മാര്‍ച്ച് രണ്ടിന് ഭര്‍തൃവീട്ടില്‍ വച്ചും ഇവര്‍ക്ക് പാമ്പു കടിയേറ്റിരുന്നു. ആദ്യം അണലിയും പിന്നീട് മൂര്‍ഖനുമാണ് ഇവരെ കടിച്ചത്. ഇതില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് സംഭവങ്ങള്‍ ചുരുളഴിഞ്ഞത്.

അതിനിടെ, മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്നും സത്യം വൈകാതെ പുറത്തുവരുമെന്നും സൂരജിന്റെ മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

SHARE