ഉത്രക്ക് ഉറക്ക ഗുളിക പൊടിച്ചു നല്‍കിയെന്ന് സമ്മതിച്ച് സൂരജ്


കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഭര്‍ത്താവ് സൂരജ് മയങ്ങാനുള്ള മരുന്നു നല്‍കിയതായി അന്വേഷണസംഘം.ചോദ്യം ചെയ്യലില്‍ സൂരജ് ഇക്കാര്യം സമ്മതിച്ചെങ്കിലും ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരിശോധന ഫലത്തിനായി അന്വേഷണസഘം കാത്തിരിക്കുയാണ്.കേസില്‍ സൂരജിന്റെ കുടുംബാംഗങ്ങളെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും

പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നല്‍കിയതായി സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അടൂരില്‍ ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ് ഗുളിക വാങ്ങിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തിരുന്നു. സൂരജ് ഉത്രക്കുള്ള ജ്യൂസുമായി കിടപ്പുമുറിയിലേക്ക് പോയെന്നും പിന്നീട് ഗ്ലാസ് തിരികെ സൂരജ് തന്നെ കൊണ്ടു വച്ചന്നും ഉത്രയുടെ അമ്മ മണിമേഖലയും മൊഴി നല്‍കിയിട്ടുണ്ട്.

ആദ്യശ്രമത്തില്‍ പാമ്പ് കടിയേറ്റപ്പോള്‍ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തില്‍ കൂടുതല്‍ മയക്കു ഗുളിക നല്‍കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം. ഇക്കാര്യങ്ങള്‍ ഉത്രയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. സൂരജിന്റെ അച്ഛനെയും, അമ്മയെയും, സഹോദരിയെയും, സുഹ്യത്തുക്കളെയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.അതേസമയം രണ്ടാം പ്രതി സുരേഷിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തില്‍ തുറന്നു വിട്ടു.

SHARE