ഉത്ര കൊലപാതകം; കൊല്ലാന്‍ ഉപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്രയെ കടിച്ചുവെന്ന് സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സുരേഷ് പാമ്പിനെ പിടിച്ചതിന് ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ കാണിച്ചുവെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 23ന് ഉത്രയെ കടിച്ച് പാമ്പിനെ ആലംകോട് നിന്നും സുരേഷ് പിടികൂടിയപ്പോള്‍ എടുത്തതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അതേസമയം സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വനവകുപ്പാണ് തെളിവെടുപ്പിന്റെ ഭാഗമായി സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സുരേഷിന് പാമ്പ് വില്പന ഉണ്ടായിരുന്നതായി വനംവകുപ്പിന് സംശയമുണ്ട്. ഉത്രയെ മൂര്‍ഖന്‍ കൊത്തിയ രീതിയും സൂരജിനെ കൊണ്ട് വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ പുനരാവിഷ്‌കരിച്ചു.

പാമ്പുപിടുത്തത്തില്‍ പ്രാഗല്‍ഭ്യം ഉള്ളവരുടെ സഹായത്തോടെ ഉത്രയെ കൊത്തിയ രീതി വനംവകുപ്പ് പുനരാവിഷ്‌കരിച്ചത്. സുരേഷ് ആദ്യം നല്‍കിയ അണലി ഉത്രയെ കടിച്ച വിവരം സുരേഷിന് അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സൂരജിനെയും സുരേഷിനെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ബന്ധകള്‍ക്ക് ഒപ്പവും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

SHARE