അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ കൂടുതല്‍ മൊഴി പുറത്ത്. മാര്‍ച്ച് രണ്ടിനുമുമ്പുതന്നെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സൂരജ് പൊലീസിനോട് പറഞ്ഞു. ഫെബ്രുവരി 29നായിരുന്നു ആദ്യശ്രമം. രാത്രിയില്‍, ചാക്കില്‍ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകള്‍നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ചാക്കിന് പുറത്തിറങ്ങിയ പാമ്പിനെ കണ്ട് ഉത്ര നിലവിളിച്ചു. ഉടന്‍ സൂരജ് പാമ്പിനെ ചാക്കിലാക്കി വീടിന് പുറകുവശത്തേക്ക് എറിഞ്ഞു. പിന്നീട് പാമ്പിനെ ഷെഡ്ഡില്‍ ഒളിപ്പിച്ചു. തുടര്‍ന്നാണ് മാര്‍ച്ച് രണ്ടിന് ഉത്രയുടെ കാലില്‍ കടിപ്പിച്ചത്.
ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ സംഭവത്തില്‍ സംശയം പറഞ്ഞു. കാല്‍മുട്ടിനുതാഴെ മസില്‍ ഭാഗത്താണ് പാമ്പ് കടിച്ചത്. പാമ്പുകടിയേറ്റത് വീടിന് പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവര്‍ഗത്തിലുള്ള പാമ്പുകള്‍ ഇത്രയും ഉയരത്തില്‍ കടിക്കാന്‍ സാധ്യത കുറവാണെന്നതായിരുന്നു കാരണം.