ഉത്രയുടെ സ്വര്‍ണം ഉപയോഗിച്ചത് ധൂര്‍ത്തിന്; മദ്യപിക്കാനായി വിറ്റത് 15 പവന്‍

ഉത്രയുടെ സ്വര്‍ണത്തില്‍ നിന്ന് 15 പവന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍. മദ്യപാനത്തിനും ധൂര്‍ത്തിനുമായാണ് സ്വര്‍ണം വിറ്റ പണം ചെലവിട്ടതെന്നും സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റത്. ജ്വല്ലറിയില്‍ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.

കേസില്‍ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോള്‍ സ്വര്‍ണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ തയാറാകാതെ പിറ്റേന്നുതന്നെ അവര്‍ തിരികെ ഏല്‍പ്പിച്ചു. തുടര്‍ന്നാണു വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിട്ടത്. 38.5 പവന്‍ തോട്ടത്തില്‍നിന്നു കണ്ടെടുത്തിരുന്നു.

വിവാഹദിവസം നല്‍കിയ 96 പവന്‍ ഉള്‍പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയത്.പൂര്‍ണമായും സ്വന്തം ആവശ്യത്തിനായാണു സ്വര്‍ണം വിറ്റതെന്നാണു സൂരജിന്റെ മൊഴി. അടൂരിലെ ബാറില്‍നിന്ന് എല്ലാ ആഴ്ചയിലും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു. 14 ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം നാളെ സൂരജിനെ കോടതിയില്‍ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും.

SHARE