കൊല്ലം അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോള്‍ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു.
മെയ് ആറിന് അര്‍ധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.എന്നാല്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം ആറ് മണിക്കൂര്‍ ചോദ്യംചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇവരെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും.
സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് രേണുകയും സൂര്യയും അന്വേഷണസംഘത്തിന് നല്കിയ മൊഴി. എന്നാല്‍ സൂരജ് പലതവണ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് കാണിച്ചുതന്നിരുന്നതായി രേണുകയും വെളിപ്പെടുത്തി.