ഐ.സി.യുവില്‍ വെച്ച് 12 പവന്‍ സ്വര്‍ണം ഉത്രയുടെ ശരീരത്തില്‍ നിന്ന് സൂരജ് ഊരിയെടുത്തു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഉത്ര വധക്കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക്. മാര്‍ച്ച് രണ്ടിന് അണലിയുടെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തില്‍നിന്ന് 12 പവന്‍ സൂരജ് ഊരിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍നിന്ന് മാര്‍ച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്നു രാത്രിയിലാണ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ ഉത്രയെ ആദ്യം പാമ്പുകടിച്ചത്.

കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി.കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. 36 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛന്‍ മൊഴി നല്‍കി. ഫോറന്‍സിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീല്‍ചെയ്തു. കിടക്കവിരി ഉള്‍പ്പെടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന.

SHARE